കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ കോര്‍പ്പറേഷന്റെ പ്രതീക്ഷിക്കുന്നവരുമാനം സംബന്ധിച്ച കണക്കുകള്‍ പ്രാഥമിക പരിശോധനയില്‍ വിശ്വസനീയമല്ല. റെയില്‍വേ ഭൂമി വിട്ടു നല്‍കുന്നത് ഭാവിയിലെ റെയില്‍വേ വികസനത്തെ ബാധിച്ചേക്കും.
കെ റെയില്‍ സമര്‍പ്പിച്ച ഡി.പി. ആറില്‍ തൃപ്തിയില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്. അത് കിട്ടിയ ശേഷം പദ്ധതി സംബന്ധിച്ച് പല തലത്തിലുള്ള വിശകലനങ്ങള്‍ ആവശ്യമാണ്. അന്തിമ അനുമതി ഈ പരിശോധനകളിലെല്ലാം പദ്ധതി തൃപ്തികരമായാല്‍ മാത്രമേ നല്കാന് കഴിയൂ. റെയില്‍വേ ലൈനിന്റെ അലൈന്മെന്റ് പോലും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കലിന്റെ നടപടികള്‍ ആവശ്യമില്ലെന്നാണ് റെയില്‍ മന്ത്രാലയത്തിന്റെ നിലപാട് എന്നും അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിനെ അറിയിച്ചു.
റെയില്‍വേ ഭൂമിയില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ കോര്‍പ്പറേഷനെ അനുവദിക്കാനാവില്ലെന്ന് സതേണ്‍ റെയില്‍വെ ചീഫ് എന്‍ജിനിയര്‍ രേഖാമൂലം കോര്‍പ്പറേഷനെ അറിയിച്ചെന്നും അസി. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നല്‍കിയതെന്ന് ഹൈക്കോടതിയില്‍ റെയില്‍വേ വ്യക്തമാക്കി. പദ്ധതിയുടെ ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. എന്നാല്‍ ഇപ്പോഴും ഡിപിആറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
ഡിപിആറിന് അനുമതി നല്കാത്തതിനാല് സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പദ്ധതിയുടെ സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ ഒന്നും പറയുന്നില്ല. അലൈന്മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്കാന് കെറെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: