പാലാ: റിങ് റോഡിന്റെ ഭാഗമായ കടപ്പാട്ടൂര്‍- പന്ത്രണ്ടാം മൈല്‍ ബൈപ്പാസ് സാമൂഹ്യവിരുദ്ധരുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. 2.15 കി.മീറ്റര്‍ റോഡിന്റെ ഏറിയ ഭാഗവും വിജനമായതിനാല്‍ പകല്‍ കഞ്ചാവ് ഉള്‍പ്പടെ ലഹരി ഉപയോഗിക്കുന്നവരുടെയും വില്‍പ്പനക്കാരുടെയും, രാത്രി മാലിന്യം തള്ളുന്നവരുടെയും സുരക്ഷിത താവളമായി മാറുന്നു.
അറവ് ശാലകളിലും പച്ചമീന്‍ കടയിലും സദ്യ നടക്കുന്നയിടങ്ങളിലും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ സുരക്ഷിതമായി തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ് റോഡിന്റെ ഇരുവശവും. ഇവിടെ വഴിവിളക്കുകള്‍ ഇല്ലാത്തതും നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്തതും ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകമാവുകയാണ്. ടാറിങ് പൂര്‍ത്തിയാക്കി റോഡ് തുറന്നു കൊടുത്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും പാതയുടെ ഇരുവശവുമുള്ള നടപ്പാത കാട് മൂടിക്കിടക്കുകയാണ്.
നിരപ്പായ പാത ആയതിനാല്‍ വ്യായാമത്തിനായി പുലര്‍ച്ചെയും വൈകിട്ട് സന്ധ്യനേരങ്ങളിലും നടപ്പുകാര്‍ ധാരാളമുള്ള റോഡാണിത്. നടപ്പാതകള്‍ കാട് മൂടിക്കിടക്കുന്നതിനാല്‍ കാല് നടക്കാര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കേണ്ടതായി വരുന്നു. ഇത് വാഹന അപകടമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിഷപ്പാമ്പ് ഉള്‍പ്പെടെയുള്ള ക്ഷുദ്ര ജീവികളുടെ ശല്യവും ഇവിടെ കൂടുതലാണ്. പണമില്ലാത്തതിനാല്‍ ആണ്
നടപ്പാത നിര്‍മ്മാണം വൈകുന്നതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. പുതിയ ഫണ്ട് അനുവദിച്ചു വന്നാല്‍ മാത്രമേ തുടര്‍ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയു എന്നും പറയുന്നു. പാതയിലൂടെയുള്ള സഞ്ചാരം സുരക്ഷിതമാക്കാന്‍ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: