കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലിപ് മുന്‍കൂര്‍ ജാമ്യത്തിന് അനര്‍ഹനെന്ന് പ്രോസിക്യൂഷന്. പ്രതിയുടെ ചരിത്രം കണക്കിലെടുക്കണം. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതില്‍ പ്രതികള്‍ കരുനീക്തിയത്. ഇത് ലക്ഷ്യം കണ്ടതായും പ്രോസിക്യൂഷന് കോടതിയില്‍ ആരോപിച്ചു. കേസില്‍ പ്രതിഭാഗം വ്യാഴാഴ്ച ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തുള്ള പ്രോസിക്യൂഷന്റെ വാദത്തിലാണ് ഇക്കാര്യം അറിയിച്ചത്. വാദം തുടരുകയാണ്.
സംവിധായകന് ബാലചന്ദ്രകുമാന്റെ മൊഴി ഗൂഢാലോചന നടത്തിയതിന്റെ തെളിവ്. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ 41 പ്രധാന പോയിന്റുകളുണ്ട്. സാധൂകരിക്കുന്ന തെളിവുകളും സംവിധായകന് ഹാജരാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണെന്നും പ്രോസിക്യൂഷന് അറിയിച്ചു.
ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിയോയും മറ്റും പിന്തുണ നല്കുന്ന തെളിവു മാത്രമാണ്. നിയമപരമായി വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. ഗൂഢാലോചന തികച്ചും രഹസ്യാത്മകമായാണ് നടന്നിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. തുടരന്വേഷണത്തിന് അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്.
അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന വാദം നിലനില്‍ക്കില്ല. സമാനതയില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാണ് ക്വട്ടേഷന്‍ കൊടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യന്‍ പീനല്‍ കോഡ് പോലും ചിന്തിക്കാത്ത വിധത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടനും സംഘവും നടത്തിയത്. കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ചോദ്യങ്ങളോടെ സഹകരിച്ചിരുന്നില്ല. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷന് ആവര്‍ത്തിച്ചു. ജസ്റ്റിസ് പി.ഗോപിനാഥ് ആണ് വാദം കേള്‍ക്കുന്നത്.
അതേസമയം ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും കേസിനു പിന്നില്‍ ക്രൈംബ്രാഞ്ച് ഗൂഢാലോചന ആണെന്നുമായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരായ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്. മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കുടുക്കാനുള്ള നീക്കമാണ് ഗൂഢാലോചന കേസിന് പിന്നില്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വ്യക്തി വിരോധം ഉണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: