തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി. സംസ്ഥാനത്തെ കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ കൊല്ലം ജില്ല മാത്രമാണ് ഇപ്പോള്‍ സി കാറ്റഗറിയില്‍ തുടരുന്നത്. സംസ്ഥാനത്ത് മലപ്പുറവും കോഴിക്കോടും മാത്രമാണ് എ കാറ്റഗറിയില്‍ പെടുന്നത്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലാണ്.
ഒരു കാറ്റഗറിയിലും ഉള്‍പ്പെടാത്തതിനാല്‍ കാസര്‍കോട് ജില്ലയില്‍ പൊതുവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ മാത്രമേ ഉണ്ടാവൂ. കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും പൂര്‍ണ്ണമായും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കോവിഡ് വ്യാപനം പാരമ്യഘട്ടത്തില്‍ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേസുകളില്‍ കുറവ് വരുന്ന മുറയ്‌ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടു വരാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകള്‍ വന്നേക്കും. അതേസമയം സി കാറ്റഗറിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും തുറക്കാന്‍ ഇതോടെ സാധിക്കും. സി കാറ്റഗറിയില്‍ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ തുടരും.
അതേസമയം ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നല്‍കാനാണ് ഇന്നത്തെ അവലോകന യോഗത്തിലുണ്ടായ ധാരണ. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങള്‍ വീടുകളില്‍ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡില്‍ പൊങ്കാലയിടാന്‍ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: