കരുനാഗപ്പള്ളി: വലിപ്പച്ചെറുപ്പവും, ജാതി വ്യത്യാസവും ഉള്‍പ്പെടെ ഉള്ള സങ്കുചിത ചിന്തയാണ് ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളി, ഇതു മാറ്റി ഒറ്റക്കെട്ടായി ഒരുമയോടെ ഹിന്ദു സമൂഹം പ്രവര്‍ത്തിക്കേണ്ട കാലഘട്ടം അതിക്രമിച്ചതായി ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് (മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍) എസ്.സേതുമാധവന് പറഞ്ഞു.
കരുനാഗപള്ളിയില്‍ പണി കഴിപ്പിക്കുന്ന കൊല്ലം ഗ്രാമജില്ലാ കാര്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ധര്‍മത്തിനും മുഴുവന്‍ മാനവരാശിക്കും സ്നേഹവും പകരുന്ന അമൃതാനന്ദമയി ദേവിയുടെ ആദ്ധ്യാത്മിക കേന്ദ്രം നിലനില്‍ക്കുന്ന കരുനാഗപ്പള്ളി, ഇപ്പോള്‍ ഭാരതീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ശക്തി പ്രാപിക്കുന്ന പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്.
ക്ഷേത്രങ്ങളില്‍ പോലും ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നഷ്ടപ്പെടുന്നു. ഹിന്ദു സമൂഹത്തിന്റെ ഓരോ വിഭാഗങ്ങളിലും കളങ്കം പ്രചരിപ്പിക്കുന്നതിനുളള ബോധപൂ ര്‍വ്വമായ പ്രവര്‍ത്തനം നടന്നു വരുന്നു. ഇതിനെതിരെ ശക്തമായ പ്രചാരപ്രവര്‍ത്തനങ്ങള്‍ നടത്തി ഹിന്ദു സമൂഹത്തിന് അവബോധവും ആത്മവിശ്വാസവും പകര്‍ന്നു നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.
ഓരോ ഹിന്ദുവും എന്റേത്, എന്റെ കുടുംബം, എന്നതു മാറ്റി നമ്മുടെ കുടുംബം നമ്മുടെ സമാജം, നമ്മുടെ രാജ്യം എന്ന് ചിന്തിക്കുന്ന സാഹചരം ഉണ്ടാകണം. ആര്‍എസ്എസിന്റെ സ്നേഹപൂര്‍വ്വമായ സന്ദേശം സമസ്ത മേഖലകളിലും എത്തിക്കുന്നതിനുള്ള സംഘടിത ശ്രമം ഉണ്ടാകുന്നതിലൂടെ ഹിന്ദു സമൂഹം ഒരുമയോടെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് കൊല്ലം ഗ്രാമ ജില്ലാ സംഘചാലക് ആര്.മോഹനന് അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.രാമന്‍പിള്ള, സീമാ ജാഗരന്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ.ബി.എസ്. പ്രതീപ് കുമാര്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹ പ്രാന്തപ്രചാരക് എസ്. സുദര്ശനന്, സഹ പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, സേവാ പ്രമുഖ് എം.സി. വത്സന്, സഹ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്വന്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ആര്. ബാഹുലേയന്, ജില്ലാ കാര്യവാഹ് ആര്. ബാബുക്കുട്ടന്, ജില്ലാ സഹകാര്യവാഹ് പി.സബീണ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: