പി.പി. സൗഹൃദന്‍
ഏതു ദേവനെ/ദേവതയെ ഭജിച്ചാലും അതെല്ലാം ശ്രീകൃഷ്ണഭഗവാനില്‍ എത്തിച്ചേരുന്നു. (‘സര്‍വദേവനമസ്‌കാരം ഗോവിന്ദം പ്രതി ഗച്ഛതി’) ഓരോരുത്തരും അവരവരുടെ വാസനയ്‌ക്കനുസരിച്ച് ഓരോ ദേവതയെ ഭജിക്കുന്നു. അതില്‍ തെറ്റില്ല. എങ്കിലും ദിനംപ്രതി, ജന്മം പ്രതി പുരോഗമിച്ച് ‘വിരജാനദി’യും കടന്ന് നാം ഗോലോകധാമത്തില്‍ എത്തട്ടെ. അവിടെ എല്ലാം സുവര്‍ണമയമാണ്. ‘ഹിരണ്യ ഗര്‍ഭന്‍’ എന്ന് പരമപുരുഷനെ പറയുന്നത് അതുകൊണ്ടുകൂടിയാകാം.
ശ്രീകൃഷ്ണഭഗവാന്റെ തന്നെ മറ്റൊരു വിസ്തരണമാണ് ലളിതാദേവി, ശക്തിസ്വരൂപിണി, രാധാറാണി എല്ലാവരും. അവര്‍ ഭഗവാന്റെ വ്യത്യസ്ത രൂപഭാവങ്ങള്‍ മാത്രം.
‘ഏകം സത് വിപ്രാ ബഹുധാ വദന്തി’എന്ന ഉപനിഷദ് വാക്യം ഇവിടെ ശ്രദ്ധേയം. ജ്ഞാനികള്‍ ഒരേ ഒരു പരമാത്മസത്തയെ (സത്യത്തെ) പലതായി കാണുന്നു . അതിനാല്‍ നാം നാനാത്വത്തിലെ ഏകത്വദര്‍ശനം ആര്‍ജിച്ചാല്‍ രക്ഷപ്പെട്ടു.
ഒരു നാടക ട്രൂപ്പ് ഒരു ഉത്സവപ്പറമ്പില്‍ നിന്ന് മറ്റൊരു നാട്ടിലെ ഉത്സവപറമ്പിലെ വേദിയിലേക്ക് പോകുന്നതുപോലെയാണ് 125 വര്‍ഷം വൃന്ദാവനം, ദ്വാരക എന്നിവിടങ്ങളിലും കുരുക്ഷേത്ര യുദ്ധഭൂമിയിലുമെല്ലാം കാലിമേയ്‌ക്കുന്ന പയ്യനായും, കാമുകനായും, കാളിന്ദിയുടെയും രാധാറാണിയുടെയും, രുഗ്മിണിയുടെയും പാഞ്ചാലിയുടെയും കുന്തിയുടെയും ഒക്കെ യഥാക്രമം പത്‌നിയായും ഭഗവാനായും ലീലയാടിയിട്ട്, 100 വര്‍ഷം വൃന്ദാവനത്തില്‍ വിരഹാതുര കാമുകിയായി കാത്തിരുന്ന രാധാറാണിയേയും മറ്റനേകം ഗോപികമാരെയും ഗോപാലന്മാരെയും ഒരു നാള്‍ സുവര്‍ണത്തേരില്‍ ഏറ്റി ആ മഹാമായാവിയായ ഗോവിന്ദപരമാത്മാവ് ഗോലോകവൃന്ദാവനത്തിലേയ്‌ക്ക് യാത്രയായത്.
അതേ ശ്രീകൃഷ്ണഭഗവാന്റെയും രാധാറാണിയുടെയും വിവിധ ഭാവരൂപങ്ങളാണ് ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരും ലളിതാ-കാളി-ലക്ഷ്മി-സരസ്വതി തുടങ്ങിയ ദേവിമാരും എന്നറിയുമ്പോള്‍ നമ്മുടെ വിസ്മയത്തിനതിരുണ്ടോ?
ഏതാണ്ട് 500 വര്‍ഷം മുമ്പ് ശ്രീചൈതന്യമഹാപ്രഭു (1486-1534) കലിയുഗത്തിലെ നാമസങ്കീര്‍ത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാനായി വംഗ ദേശത്ത് ജനിച്ച് നാമപ്രചരണാര്‍ഥം ഭാരതം ഒട്ടാകെ സഞ്ചരിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് പത്മനാഭക്ഷേത്രത്തിനു മുന്നില്‍ പത്മതീര്‍ഥക്കരയിലെ ആലിന്‍ ചുവട്ടിലും കുറച്ചു നേരം ധ്യാനനിമഗ്നനായി ഇരുന്നുവത്രേ. അദ്ദേഹത്തെ രാധാകൃഷ്ണന്മാരുടെ സംയുക്താവതാരമായി കരുതപ്പെടുന്നു.
‘വിധിച്ചതേ വരൂ, കൊതിച്ചതു വരാ’ എന്നു സാധാരണ പറയുന്നത് ഒരു പരിധിവരെ മാത്രമേ ശരിയാവൂ എന്ന് മനുഷ്യജീവിതകഥ നമ്മെ പഠിപ്പിക്കുന്നു.
എന്റെ നിഘണ്ടുവില്‍ ‘അസാധ്യം’ എന്ന വാക്കില്ല. എന്നു ചിലര്‍ പറയാറുണ്ട്. അത്തരത്തില്‍ ദൃഢവിശ്വാസം ഉണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രാര്‍ഥനാനിര്‍ഭരവും പ്രവര്‍ത്തനനിരതവുമായ ജീവിതം അത്ഭുതങ്ങള്‍ സൃഷ്ടിക്കും, തീര്‍ച്ച.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: