ഭഗവാന് കൃഷ്ണന് കൗമാരഭാവത്തില്‍, ഉപദേവതകളില്ലാതെ, ഏകനായി കുടികൊള്ളുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമുള്ളത് തിരുവനന്തപുരത്താണ്. വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് ഭജനമഠം വേണുഗോപാലസ്വാമി ക്ഷേത്രമാണ് ഈ അപൂര്‍വ ദേവസ്ഥാനം.
എണ്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ദേവഗീതികള്‍ ചൊല്ലാന്‍ വാടകയ്ക്കെടുത്ത ഒരു കടമുറിയില്‍ ഭജനപ്പുര തുടങ്ങി. ദിവസേന വൈകുന്നേരങ്ങളില്‍ ഭക്തിയോടും വ്രതശുദ്ധിയോടും ഭജന ചൊല്ലാന്‍ അവര്‍ ഒത്തുകൂടി. കൃഷ്ണന്റെ കൗമാര രൂപത്തിലുള്ള ചിത്രത്തില്‍ തുളസിമാല ചാര്‍ത്തി ദീപം തെളിയിച്ചായിരുന്നു ഭജനയും പ്രാര്‍ത്ഥനയും. ഈ ചെറുപ്പക്കാരുടെ ഭക്തിയില്‍ മനംനിറഞ്ഞ് പ്രദേശവാസിയായ തേറംകോട് വീട്ടില്‍ ചെല്ലപ്പന് പിള്ള രണ്ട് സെന്റ് ഭൂമി ഭജനമഠം കെട്ടാനായി ഇവര്‍ക്ക് ദാനമായി നല്കി. ഇവിടെ കെട്ടിയുയര്‍ത്തിയ ഭജനമഠമാണ് ഇന്ന് മഹാക്ഷേത്രമായി മാറുന്നത്.
മണ്‍കട്ടയില്‍ കെട്ടിയുണ്ടാക്കിയ ഭജനമഠത്തില്‍ ചീനന് പോറ്റിയുടെ കാര്‍മ്മികത്വത്തില്‍ വേണുഗോപാലന്റെ കളിമണ്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. നിത്യപൂജയും ഭജനയും തുടര്‍ന്നു. 50 വര്‍ഷം മുമ്പ് ഈശ്വരന് പോറ്റിയുടെ കാര്‍മികത്വത്തില്‍ ഒറ്റക്കല്ശിലയില് തീര്‍ത്ത വിഗ്രഹം അഷ്ടബന്ധത്തില് ഉറപ്പിച്ചു. ഉപദേവതകളെ പ്രതിഷ്ഠിക്കാന്‍ ഭക്തര്‍ പലപ്പോഴും ആഗ്രഹിച്ചെങ്കിലും ദേവപ്രശ്നങ്ങളില്‍ ദേവഹിതം അതിന് അനുവദിച്ചില്ല. പകരം നാലമ്പലവും നമസ്ക്കാര മണ്ഡപവുമടക്കം മഹാക്ഷേത്ര നിര്‍മ്മിതിക്ക് അനുവാദമുണ്ടായി. മഹാക്ഷേത്ര നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍. ജൂണ്‍ 6നാണ് പുനഃപ്രതിഷ്ഠയും മഹാക്ഷേത്ര സമര്‍പ്പണവും നടക്കുക.
ഭഗവദ് കൃപയാല്‍ പല ഘട്ടങ്ങളിലായി ക്ഷേത്രത്തിന് ഭൂമിയും വന്നു ചേര്‍ന്നു. ഇപ്പോള്‍ 65 സെന്റിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൃശ്ചികമാസ മണ്ഡലകാലത്ത് വീടുകള്‍ തോറും ഭഗവാന്റെ വിഗ്രഹവുമായി കടന്നു ചെന്ന് നടത്തുന്ന ഗൃഹഭജനയാണ് ഇവിടുത്തെ വേറിട്ട ആചാരം. ദിവസേന വൈകുന്നേരങ്ങളില്‍ നാല്പതു മുതല്‍ 50 വരെ എന്ന ക്രമത്തില്‍ ഒരു മണ്ഡലകാലത്ത് രണ്ടായിരത്തിലേറെ വീടുകളിലാണ് ഭജനമഠത്തിലെ ഭജന സംഘം ഹരേ രാമ, ഹരേ കൃഷ്ണ കീര്‍ത്തനം ആലപിച്ച് കടന്നു ചെല്ലുന്നത്. ഇതേവരെ ഈ ആചാരം ക്ഷേത്ര സമിതി മുടക്കിയിട്ടില്ല. ഭജനമഠത്തില്‍ നിന്ന് ഭജന സംഘമെത്തിയാല്‍ ഭഗവാന് വേണുഗോപാലനും ഒപ്പമെത്തി തങ്ങള്‍ക്ക് ഐശ്വര്യം പകരുമെന്ന വിശ്വാസമാണ് ദേശക്കാര്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: