നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): കങ്കാരുപ്പടയെ തുരത്തി തുടര്‍ച്ചയായ നാലാം തവണ ഐസിസി അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യന്‍ കൗമാരപ്പട കപ്പടിക്കാന്‍ നാളെ ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്മസയം കാണാം.
ഓസീസിനെതിരെ 96 റണ്‍സിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. കഴിഞ്ഞ മൂന്ന് തവണയും ഇന്ത്യഫൈനലിലെത്തിയിരുന്നു. ക്യാപ്റ്റന്‍ യാഷ് ദുള്‍, ഉപനായകന്‍ റഷീദ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കങ്കാരുപ്പടയെ തൂത്തെറിഞ്ഞത്. യാഷ് ദൂള്‍ സെഞ്ച്വറി നേടി. അതേസമയം റഷീദ് സെഞ്ച്വറിക്ക് ആറു റണ്‍സ് അകലെ വീണു. ദുള്‍ 110 പന്തില്‍ 110 റണ്‍സ് കുറിച്ചു. പത്ത് ഫോറും ഒരു സിക്സറും അടിച്ചു. റഷീദ് 108 പന്തില്‍ എട്ട് ഫോറും ഒരു സിക്സറും സഹിതം 94 റണ്‍സ് നേടി.
37 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ യാഷിന്റെയും റഷീദിന്റെയും ബാറ്റിങ്ങാണ് കരകയറ്റിത്. മൂന്നാം വിക്കറ്റില്‍ ഇവര്‍ 204 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ മികച്ച കൂട്ടുകെട്ടിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 290 റണ്‍സ് എടുത്തു.
തുടര്‍ന്ന് 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നിലംപൊത്തിയതോടെ കങ്കാരുപ്പട 41.5 ഓവറില്‍ 194 റണ്‍സിന് ഓള് ഔട്ടായി. സ്പിന്നര്‍ വിക്കി ഓസ്റ്റ്വാള്‍ പത്ത്് ഓവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴത്തി. നിഷാന്ത് സിന്ധു ആറ് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു. രവി കുമാറും രണ്ട് വിക്കറ്റ് വീഴത്തി. ആറു ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്തു. രഘുവന്‍ഷിയും കൗശല്‍ താംബെയും ഓരോ വിക്കറ്റ് എടുത്തു.
ഓസീസിനായി ലാച്ചിയന് ഷാ അര്‍ധ ശതകം നേടി. 66 പന്തില്‍ നാലു ബൗണ്ടറിയുള്‍പ്പെടെ 51 റണ്‍സ് എടുത്തു. ഓപ്പണര്‍ കാംബല്‍ 53 പന്തില്‍ 30 റണ്‍സും കോറി മില്ലര്‍ 46 പന്തില്‍ 38 റണ്‍സും നേടി.
ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. 1998 ലാണ് ഇതിന് മുമ്പ് ഫൈനലില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: