വാസ്കോ: വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് നാളെ കളത്തില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മഞ്ഞപ്പട നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
അവസാന മത്സരത്തില്‍ ബെംഗ്ലളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പൊരുതിത്തേറ്റ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നാളെ വിജയം നേടണം. കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പതിനെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയത്. കൊവിഡില്‍ തളര്‍ന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് അന്ന് വേണ്ടത്ര ശോഭിക്കാനായില്ല. എന്നാല്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്താനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചുകഴിഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ എടികെയോട് തോറ്റതിനുശേഷം തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് തോല്‍വി അറിഞ്ഞില്ല. എന്നാല്‍ കൊവിഡിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ ബെംഗളൂരുവിന് അടിയറവ് പഞ്ഞു. ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയാണിത്. ഇരുപത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ഇന്നു വിജയിച്ചാല്‍ രണ്ടാം സ്ഥാനത്തെത്താം. കൂടാതെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്യാം. മലയാളി താരം സഹല്‍, വിദേശതാരങ്ങളായ ആഡ്രിയാന്‍ ലൂണ, വാസ്കെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയായി.
ഐഎസ്എല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ബ്ലാസ്റ്റേഴ്സിനാണ് നേരിയ മുന്‍ തൂക്കം. ഇതുവരെ ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റും പതിനാറ് തവണ ഏറ്റുമുട്ടി. ഇതില്‍ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സാണ് വിജയിച്ചത്. നോര്‍ത്ത് ഈസ്റ്റ നാലു മത്സരങ്ങളിലും ജയം കൊയ്തു. ആറു മത്സരങ്ങള്‍ സമനിലയായി. 2017 ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചത്. അതിനുശേഷം 2018, 2021 വര്‍ഷങ്ങളില്‍ നോര്‍ത്ത്് ഈസ്റ്റ് ബ്ലാസ്്റ്റേഴ്സിനെ പരാജയപ്പെടുത്തി.
നോര്‍ത്ത് ഈസ്റ്റ് ഈ സീസണില്‍ മോശം ഫോം തുടരുകയാണ്. പതിനഞ്ച് മത്സരങ്ങള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റ് പത്ത് പോയിന്റുമായി ഏറ്റവും പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: