ന്യൂദല്‍ഹി : പാര്‍ലമെന്റ് നടപടി പാലിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ ഓം ബിര്‍ളയുടെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനിടെ മറ്റൊരു എംപിക്ക് പറയാന്‍ സ്പീക്കറുടെ അനുമതി വാങ്ങാതെ രാഹുല്‍ അവസരം നല്‍കിയതിനെതിരെയാണ് വിമര്‍ശനം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. രാഹുല്‍ ഗാന്ധിയാണ് നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അതിന് തൊട്ടുമുമ്പ് സംസാരിച്ച എംപി കമലേഷ് പസ്വാനെ കുറിച്ച് ചര്‍ച്ചയില്‍ രാഹുല്‍ സംസാരിച്ചു. ഇതോടെ കമലേഷ് എഴുന്നേറ്റ് സംസാരിക്കാന്‍ ഒരുങ്ങിയതോടെ രാഹുല്‍ സ്വയം ഇയാള്‍ക്ക് അവസരം നല്‍കുകയായിരുന്നു.
താന്‍ ഒരു ജനാധിപത്യ വാദിയാണ്. മറ്റൊരാള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുകയാണെന്നും പറഞ്ഞ് രാഹുല്‍ കമലേഷിനോട് പ്രസംഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ സ്പീക്കര്‍ ഇടപെടുകയായിരുന്നു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നത് സ്പീക്കറുടെ ചെയറിന്റെ അധികാരമാണ്. സഭയില്‍ മറ്റൊരാള്‍ക്ക് പ്രസംഗിക്കാന്‍ അനുവാദം നല്കാന് നിങ്ങള്‍ ആരാണ്. അത് തന്റെ അവകാശമാണെന്നും ഈ സമയം ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള ഓര്‍മിപ്പിച്ചു. ഒരാള്‍ക്കും സംസാരിക്കാന്‍ അനുവാദം നല്കാന് നിങ്ങള്‍ക്ക് അവകാശമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: