കൊല്ലം: 2047ലെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് സംവദിക്കാനുള്ള അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പുനലൂര്‍ ഫാത്തിമ പബ്ലിക് സ്കൂളിലെ പത്താം ക്ലാസുകാരി നിരുപാ റോയ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ സ്കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസി മന്ത്രാലയവും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച 75 ലക്ഷം കത്തുകള്‍ അയയ്യ്ക്കുന്ന കാമ്പയിനിലൂടെ നിരുപാ റോയ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതില്‍ നിന്നാണ് നിരുപയെ സംവാദത്തിന് തെരഞ്ഞെടുത്തത്.
ഇന്ത്യയിലും വിദേശത്തുനിന്നുമായി 1.07 കോടി കുട്ടികള്‍ പങ്കെടുത്ത കാമ്പയിനില്‍ നിന്നുമാണ് നിരുപാ റോയ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള ഒരേയൊരാളാണ് നിരുപാ റോയ്. 2047ലെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ 12 വിദേശരാജ്യങ്ങളില്‍ നിന്നടക്കം 42 സ്കൂളുകളില്‍ നിന്ന് 19,000 കുട്ടികള്‍ പങ്കെടുത്തു. ഇതില്‍ നിന്ന് മികച്ച കത്തെഴുതിയ 75 കുട്ടികളെയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് തെരഞ്ഞെടുത്തത്. കുട്ടികള്‍ക്ക് കത്തെഴുതാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് 1.37 കോടി പോസ്റ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഈ പോസ്റ്റുകാര്‍ഡുകളിലാണ് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
വികസ്വര രാജ്യത്തില്‍ നിന്ന് ഇന്ത്യ വികസിതരാജ്യമാകണം, പട്ടിണി മാറണം, പഠിക്കാനുള്ള അവസരം എല്ലാവര്ക്കും ലഭ്യമാക്കുക, സ്ത്രീ സുരക്ഷ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങളാണ് നിരുപാ റോയ് തന്റെ കത്തിലൂടെ പ്രധാനമായും പറഞ്ഞത്. പുനലൂര്‍ പുതുവേലില്‍ വീട്ടില്‍ റോയിവര്‍ഗീസിന്റെയും ജെസി റോയിയുടെയും മകളാണ് നിരുപാ റോയ്. നല്ല കൈയക്ഷരത്തിന് ഉടമയായ നിരുപാ റോയ് പഠിക്കാനും മിടുക്കിയാണ്. ഐഎഎസ് നേടുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: