അഡ്വ. എസ്. ജയസൂര്യന്‍
ജ്യോതിഷം ഒരു സേവന മാര്‍ഗ്ഗമായി ഉപയോഗിക്കാം. മനുഷ്യ മനസ്സില്‍ ധൈര്യവും പ്രതീക്ഷയും നിറച്ച് ഒരു കൗണ്‍സലിങ് പോലെ ജ്യോതിഷം ജനോപകാര പ്രദമാവണം എന്ന് കരുതി പ്രവര്‍ത്തിച്ച സുഭാഷ് ആ ശാസ്ത്രത്തിന്റെ സഗുണ ഉപാസനയാണ് ചെയ്തത്.
ഏറെ സമ്പാദിക്കാനോ കച്ചവടവത്കരിക്കാനോ പോവാതെ ശാസ്ത്രത്തെ ശാസ്ത്രമായിക്കണ്ട് കൃത്യമായി അവതരിപ്പിക്കുകയാണദ്ദേഹം ചെയ്തത്. സുഭാഷിന് ജ്യോതിഷം തപസ്യ തന്നെയായിരുന്നു. അതിനായി ആത്മസമര്‍പ്പണം ചെയ്ത സംവത്സരങ്ങള്‍ അതിന്റെ തെളിവാണ്. ബാല്യകാലം മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതുരംഗത്ത് വരികയും തുടര്‍ന്ന് യുവമോര്‍ച്ച, ബിജെപി എന്നിവയുടെ പാലാ നിയോജക മണ്ഡലം പ്രസിഡന്റാവുകയും ചെയ്ത അദ്ദേഹം, എന്‍ഡിഎ സ്ഥാനാര്‍ഥിയായ പി.സി. തോമസിനെ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിപ്പിക്കുന്നതില്‍ തന്ത്ര പ്രധാനമായ പങ്കാണ് നിര്‍വഹിച്ചത്. അതിനു ശേഷമാണ് തന്റെ കര്‍മ്മ മണ്ഡലം മറ്റൊന്നാണെന്ന അന്വേഷണം ആരംഭിച്ചതും അവിടെയും അഭിമാനകരമാം വിധം വിജയം വരിച്ചതും.
പൊതുവേ ശാസ്ത്ര കുതുകികള്‍ സമൂഹ ധര്‍മ്മം അനുഷ്ഠിക്കുന്നതില്‍ വിമുഖരാണെന്ന് കാണാം. എന്നാല്‍ കര്‍മ്മയോഗിയായ സുഭാഷ് അവിടെയും വ്യത്യസ്തനായിരുന്നു. രാഷ്ട്രീയരംഗത്ത് വിജയിയായ ഒരു യുവ നേതാവായിരുന്നതിനു ശേഷം പൊടുന്നനെ അദ്ദേഹം കര്‍മ മണ്ഡലം മാറി. അല്ലായിരുന്നെങ്കില്‍ പില്ക്കാലത്ത് യുവമോര്‍ച്ചയുടെ സംസ്ഥാന നേതൃത്വത്തിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് രംഗത്തും അനായാസം കടന്നുവരാനുള്ള കര്‍മ്മധീരത പ്രകടിപ്പിച്ച ട്രാക്ക് റെക്കോഡിന് ഉടമയാകുമായിരുന്നു സുഭാഷ്.
ആദ്ധ്യാത്മികതയും രാജനൈതികതയും, ശാസ്ത്രാഭിമുഖ്യവും കൈകാര്യം ചെയ്യുമ്പോഴൊക്കെ ആത്മാര്‍ത്ഥത മാത്രമായിരുന്നു അദ്ദേഹത്തെ നയിച്ച ഗുണം. 51-ാംവയസില്‍ തന്റെ കര്‍മ്മകാണ്ഡം പൂര്‍ത്തീകരിക്കുമ്പോള്‍, സൗഹൃദവും, ബന്ധവും പൂര്‍ത്തിയായില്ല എന്ന നഷ്ടബോധം സുഭാഷിനെ അറിയുന്നവരെ പിന്തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: