കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തില്‍പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കണ്ടെത്തി. വറ്റകളില്‍തന്നെയുള്ള ‘ക്വീന്‍ഫിഷ്’ വിഭാഗത്തില്‍ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആര്‍ഐ തിരിച്ചറിഞ്ഞത്.’കോംബറോയിഡ്സ് പെലാജിക്കസ്’ എന്നാണ് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.
ഇന്ത്യന്‍ തീരങ്ങളില്‍ 60 ഓളം വറ്റയിനങ്ങളുണ്ട്. അവയില്‍ നാല് ക്വീന്‍ഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീന്‍ഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തില്‍പെട്ട മൂന്ന് മീനുകള്‍ക്ക് വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തില്‍ അുടത്ത കാലത്തായി പല മീനുകള്‍ക്കും വംശനാശം സംഭവിക്കുമ്പോള്‍ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താന്‍ നേതൃത്വം നല്കിയ സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. സമുദ്രസമ്പത്തിന്റെ പരിപാലന രീതികളില്‍ കൃത്യത വരുത്തുന്നതിനും സിഎംഎഫ്ആര്‍ഐയുടെ പുതിയ നേട്ടം സഹായകരമാകും.
കേരളത്തിലുള്‍പ്പെടെ ധാരാളമായി പിടിക്കപ്പെടുന്ന മത്സ്യമാണിത്. വിപണിയില്‍ കിലോയ്ക്ക് 250 രുപവരെ വിലയുണ്ട്. മാംസളമായ ശരീരഘടനയുള്ള പോളവറ്റ മറ്റ് വറ്റയിനങ്ങളെ പോലെ തന്നെ രുചിയൂറും മത്സ്യമാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: