ന്യൂദല്‍ഹി: റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പൊതു ഗതാഗതം, ജലപാതകള്‍, ചരക്ക് നീക്ക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാണ് പിഎം ഗതിശക്തിയെ മുന്നോട്ട് നയിക്കുന്നത്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ പരിധിയില്‍ ലോകോത്തര ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പരിവര്‍ത്തനം, തടസ്സമില്ലാത്ത ബഹുമുഖ ഗതാഗത സംവിധാനവും, ചരക്ക് നീക്ക കാര്യക്ഷമതയും ലക്ഷ്യമിട്ടുള്ള ഈ ഏഴ് എഞ്ചിനുകള്‍ ഉള്‍പ്പെടുന്നതായി ഇന്ന് പാര്‍ലമെന്റില്‍, 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
ആസൂത്രണം, ധനസഹായം, സാങ്കേതികവിദ്യയുടെ ഉപയോഗം, വേഗത്തിലുള്ള നിര്‍വ്വഹണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ 7 എഞ്ചിനുകളുമായി ബന്ധപ്പെട്ട, ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈനിലെ പദ്ധതികള്‍ പ്രധാനമന്ത്രി ഗതിശക്തി ചട്ടക്കൂടുമായി സംയോജിപ്പിക്കുമെന്ന് ശ്രീമതി സീതാരാമന് പറഞ്ഞു.
റോഡ് ഗതാഗതം:
ജനങ്ങളുടെ വേഗത്തിലുള്ള സഞ്ചാരവും ചരക്കുനീക്കവും സുഗമമാക്കുന്നതിന് 2022-23ല്‍ അതിവേഗ പാതകള്‍ക്കുള്ള (എക്സ്പ്രസ് വേസ്) പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2022-23ല്‍ ദേശീയപാത ശൃംഖല 25,000 കിലോമീറ്റര്‍ വികസിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. പൊതു വിഭവങ്ങള്‍ക്ക് ഒപ്പം 20,000 കോടി രൂപയുടെ സമാഹരണവും സാധ്യമാക്കും.
തടസ്സരഹിതമായ സഞ്ചാരവും ചരക്കുനീക്കവും ഉറപ്പാക്കുന്ന ബഹുമുഖ സംവിധാനം:
വിവിധ ഓപ്പറേറ്റര്മാര്ക്കിടെ വിവര കൈമാറ്റം സാധ്യമാക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസിനായി (എപിഐ) രൂപകല്‍പ്പന ചെയ്ത യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോമിന് (യുഎല്‍ഐപി) കീഴില്‍ കൊണ്ടുവരുമെന്ന് ശ്രീമതി സീതാരാമന് പറഞ്ഞു. വ്യത്യസ്ത രീതികളിലൂടെയുള്ള ചരക്കുകളുടെ കാര്യക്ഷമമായ നീക്കത്തിനും ചെലവും സമയവും കുറയ്ക്കാനും മടുപ്പിക്കുന്ന ലിഖിത രേഖകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. ഇത് ബന്ധപ്പെട്ട എല്ലാവര്ക്കും തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുകയും അന്താരാഷ്ട്ര മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. യാത്രക്കാരുടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിന് ഓപ്പണ്‍ സോഴ്സ് മൊബിലിറ്റി സ്റ്റാക്കും നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു.
മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍:
മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) നാല് സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നതിനുള്ള കരാറുകള്‍ 2022-23ല്‍ നല്‍കും.
റെയില്‍വേ:
ചെറുകിട കര്‍ഷകര്‍ക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുമായി റെയില്‍വേ പുതിയ ഉത്പന്നങ്ങളും കാര്യക്ഷമമായ ലോജിസ്റ്റിക്സ് സേവനങ്ങളും വികസിപ്പിക്കുമെന്നും പാഴ്സലുകളുടെ നീക്കത്തിന് തടസ്സമില്ലാത്ത സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് തപാല്‍, റെയില്‍ ശൃംഖലകളുടെ സംയോജനത്തിന് നേതൃത്വം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിന് ‘ഒരു സ്റ്റേഷന്-ഒരു ഉത്പന്നം’ എന്ന ആശയം ജനകീയമാക്കുമെന്ന് അവര്‍ പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി, 2022-23-ല്‍ സുരക്ഷയ്ക്കും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവചിന് കീഴില്‍ 2,000 കിലോമീറ്റര്‍ ശൃംഖല ഉള്‍പ്പെടുത്തും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാനൂറ് പുതു തലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുമെന്ന് ശ്രീമതി സീതാരാമന് പറഞ്ഞു.
മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ക്കായി നൂറ് പ്രധാനമന്ത്രി ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
റെയില്‍വേയിലേക്കുള്ള കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള ബഹുജന നഗര ഗതാഗതം:
മെട്രോ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ധനസഹായത്തിനുള്ള നൂതന മാര്‍ഗങ്ങളും വേഗത്തിലുള്ള നിര്‍വ്വഹണവും പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബഹുജന നഗരഗതാഗതവും റെയില്‍വേ സ്റ്റേഷനുകളും തമ്മിലുള്ള ബഹുമുഖ കണക്റ്റിവിറ്റി, മുന്‍ഗണനാടിസ്ഥാനത്തില്‍ സുഗമമാക്കും.
പര്വ്വത്മാല – ദേശീയ റോപ്വേ വികസന പദ്ധതി:
പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ ദേശീയ റോപ്വേ വികസന പദ്ധതി നടപ്പാക്കുമെന്ന് ശ്രീമതി സീതാരാമന് പറഞ്ഞു. തിരക്കേറിയ നഗരപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 റോപ്വേ പദ്ധതികളുടെ കരാര്‍ 2022-23ല്‍ നല്‍കും.
അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍:
2022-23-ല്‍ സമ്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളെ സഹായിക്കുക ലക്ഷ്യമിട്ട് 1 ലക്ഷം കോടി രൂപ ധനമന്ത്രി അനുവദിച്ചു. അമ്പത് വര്‍ഷം കാലയളവുള്ള ഈ പലിശ രഹിത വായ്പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ വായ്പ കൂടാതെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: