കൊല്ലം: വനം വകുപ്പിന്റെ കൊല്ലം സര്‍ക്കിളില്‍ ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ വന്‍തുക കോഴ വാങ്ങി എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്ഥലംമാറ്റം നല്കുന്നു. കൊല്ലം വനം സര്‍ക്കിളില്‍ ഇഷ്ടക്കാര്‍ക്ക് സ്ഥലംമാറ്റം. സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇത് നിയന്ത്രിക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
സര്‍വീസ് സംഘടനാ നേതാക്കളും ശതമാന കണക്ക് വച്ചാണ് കോഴ തുക വീതം വെയ്ക്കുന്നതെന്ന് അറിയുന്നു. കൊവിഡ് നിയന്ത്രണങ്ങളും നിലവിലെ സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് കൊല്ലം വനം സര്‍ക്കിളില്‍ ഇഷ്ടക്കാര്‍ക്ക് സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്നത്. ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് പ്രൊമോഷന് നല്കി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആയി നിയമനം നല്‍കുന്നതിന്റെ മറവിലാണ് എട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റം കൂടി നടത്തിയത്.
ഓരോരുത്തരുടെയും കയ്യില്‍ നിന്നും 25000 മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങിയതായാണ് സൂചന. ഇടതുസംഘടനകളില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരും കോഴ നല്‍കിയവരിലുണ്ട്. ഡിസംബര്‍ മാസത്തിന് ശേഷം പൊതുസ്ഥലംമാറ്റം അല്ലാതെ മറ്റ് സ്ഥലംമാറ്റങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് ഇത്രയും പേരെ സ്ഥലം മാറ്റിയത്. വനം വകുപ്പില്‍ പൊതുസ്ഥലം മാറ്റം ഓണ്‍ലൈനിലേക്ക് മാറ്റാനിരിക്കെ അതിനെ അട്ടിമറിച്ചാണ് ഭരണത്തണലില്‍ നടക്കുന്ന ഈ പകല്‍കൊള്ള.
വനം വകുപ്പിലെ ഇടതുഅനുകൂല സംഘടനയില്‍ പെട്ട ജീവനക്കാര്‍ തന്നെ കഴിഞ്ഞ ദിവസം നേതൃത്വം നടത്തുന്ന അഴിമതിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് സംഭവം പുറത്താകുന്നത്. ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാനാണ് ധൃതിപിടിച്ച് കൊവിഡ് പടരുന്നതിനിടയില്‍ ഇങ്ങനെ ഒരു സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതെന്ന് ആരോപണമുണ്ട്. അര്‍ഹത ഉണ്ടായിട്ടും സ്ഥലം മാറ്റം ലഭിക്കാത്ത ജീവനക്കാരും നിരവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: