ന്യൂദല്‍ഹി: ഏറെ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊടുവില്‍ ഇതാ ഇന്ത്യയ്ക്ക് സ്വന്തം ഡിജിറ്റല്‍ കറന്‍സി വരുന്നു. നിര്‍മ്മല സീതാരാമന് ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ഇന്ത്യ സ്വന്തം ഡിജിറ്റല്‍ രൂപ ഇറക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഡിജിറ്റല്‍ രൂപ. ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയായതിനാല്‍ ഈ ഡിജിറ്റല്‍ രൂപയുടെ കള്ളപ്പതിപ്പുകള്‍ ഇറക്കാന്‍ കഴിയില്ലെന്നതാണ് ഒരു നേട്ടം. പാകിസ്ഥാന് കേന്ദ്രീകരിച്ചും മറ്റും പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടിക്കാര്‍ക്ക് ഇതോടെ എന്നെന്നേയ്ക്കുമായി രംഗം വിടാം. അത്രയ്ക്ക് സങ്കീര്‍ണ്ണമാണ് ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ. റിസര്‍വ്വ് ബാങ്ക് തന്നെ നേരിട്ടായിരിക്കും ഈ ഡിജിറ്റല്‍ രൂപ പുറത്തിറക്കുക. അതുകൊണ്ട് തന്നെ ഇതിന് എല്ലായിടത്തും അംഗീകാരവുമുണ്ടാകും. ഇതോടെ രഹസ്യമായ ഇടപാടുകളും എക്സ്ചേഞ്ചുകളുമായി മുന്നോട്ട് പോകുന്ന ക്രിപ്റ്റോ കറന്‍സികള്‍ക്ക് വന്‍ അടിയാവും.ഇവയുടെ ഇരകളായി പണം നഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ആശ്വാസമാകും.
ബിറ്റ്കോയിന്, എഥെറിയം തുടങ്ങി ഇന്ത്യയില്‍ ഇന്ന് ഏറെ പ്രചാരമുള്ള രഹസ്യക്രിപ്റ്റോകറന്സികള്ക്ക് പ്രഹരമായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ക്രിപ്റ്റോ കറന്‍സികള്‍ കള്ളപ്പണം വെളുപ്പിക്കലിനും ആയുധങ്ങള്‍ക്ക് പണമിടപാടിനും ഉപയോഗിക്കുന്നതായുള്ള രഹസ്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ ഡിജിറ്റല്‍ രൂപ വിപണിയില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പ്രേരണയായി.
തീരെ ചെറിയ തുകകള്കൊണ്ടുള്ള ഇടപാടുകള്‍ക്കും ഫലപ്രദമായി കറന്‍സി മാനേജ് ചെയ്യാനും ഡിജിറ്റല്‍ രൂപ സഹായകമാകും. 2022ല്‍ റിസര്‍വ്വ് ബാങ്ക് ഇത് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്ന് വിപണിയില്‍ ഇറക്കുമെന്ന് കൃത്യമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. ഒപ്പം പഴയ നോട്ട് കൈമാറ്റ സംവിധാനത്തെ ആശ്രയിക്കുന്നത് ഇതോടെ കുറയുമെന്നും ധനമന്ത്രി പറയുന്നു.
ചൈനയാണ് ഇതിന് മുന്‍പ് സ്വന്തം ക്രിപ്റ്റോ കറന്‍സി നിരവധി നഗരങ്ങളില്‍ പരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ പണമിടപാടിന്മേല് സമ്പൂര്‍ണ്ണനിയന്ത്രണം ഉണ്ടാകാന്‍ ചൈന മറ്റ് സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിച്ചിട്ടുണ്ട്. യുഎസും യുകെയും സ്വന്തം ഡിജിറ്റല്‍ കറന്‍സി വിപണിയില്‍ ഇറക്കാന്‍ ആലോചിച്ചുവരുന്നതേയുള്ളൂ. അതിന് മുന്‍പാണ് ഇന്ത്യയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ കുതിപ്പ് നല്കുന്ന ഡിജിറ്റല്‍ രൂപ ഇന്ത്യയിലെ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഫിന്‍ടെക് വ്യവസായങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ ശോഭിക്കാന്‍ വഴിയൊരുക്കുമെന്നും വിലയിരുത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: