ന്യൂദല്‍ഹി: ശ്രീലങ്ക അഭിമുഖീകരിക്കുന്ന നിലവിലെ ഇന്ധന-ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഓയിലിന്റെ സഹായം തേടി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് 40,000 മെട്രിക് ടണ്‍ വീതം പെട്രോളും ഡീസലും വാങ്ങാന്‍ ശ്രീലങ്ക തീരുമാനിച്ചു.വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക സ്ഥാപനവുമായി ശ്രീലങ്ക ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി ഗാമിനി ലോകുഗെ പറഞ്ഞു ആഴ്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം.
ഇന്ത്യയുടെ പ്രമുഖമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ശ്രീലങ്കന്‍ ഉപസ്ഥാപനമായ ലങ്ക ഐഒസി 2002 മുതല്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 40,000 മെട്രിക് ടണ്‍ ഡീസലും 40,000 മെട്രിക് ടണ്‍ പെട്രോളും സംഭരിക്കാന്‍ ഊര്‍ജ മന്ത്രാലയം ഐഒസിയുമായി ചര്‍ച്ച നടത്തിയതായി കാബിനറ്റ് പ്രസ്താവനയില്‍ പറയുന്നു.ഇതനുസരിച്ച് 40,000 മെട്രിക് ടണ്‍ ഡീസല്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സമ്മതിച്ചിട്ടുണ്ട്. എണ്ണ ചരക്ക് വാങ്ങുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഊര്‍ജ മന്ത്രി അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
കരുതല്‍ ശേഖരം കുറയുന്നതോടെ ശ്രീലങ്ക ഇപ്പോള്‍ കടുത്ത വിദേശനാണ്യ പ്രതിസന്ധിയും നേരിടുന്നുണ്ട്.ഇറക്കുമതിക്ക് നല്‍കാനുള്ള ഡോളറിന്റെ അഭാവം മൂലം രാജ്യം മിക്കവാറും എല്ലാ അവശ്യസാധനങ്ങളുടെയും ക്ഷാമം നേരിടുകയാണ്. കൂടാതെ, ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം സംസ്ഥാന വൈദ്യുതി സ്ഥാപനത്തിന് ലഭിക്കാത്തതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന് വലിയ തുക അടക്കാത്ത ബില്ലുകള്‍ ഉള്ളതിനാല്‍ സംസ്ഥാന ഇന്ധന സ്ഥാപനം എണ്ണ വിതരണം നിര്‍ത്തിവച്ചു. ക്രൂഡ് ഇറക്കുമതിക്ക് ഡോളര്‍ നല്കാനാകാതെ ഏക റിഫൈനറിയും അടുത്തിടെ അടച്ചുപൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: