ന്യൂദല്‍ഹി : 2022-2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവസിനിപ്പിച്ചു. 11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം ഒന്നര മണിക്കൂറോളം എടുത്ത് 12.35നാണ് കേന്ദ്രമന്ത്രി പൂര്‍ത്തിയാക്കിയത്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം. കാര്‍ഷിക, പ്രതിരോധ സാങ്കേതിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍.
സഹകരണ സര്‍ചാര്‍ജും കോര്‍പ്പറേറ്റ് സര്‍ചാര്‍ജും കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സഹകരണ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായും, കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ല്‍ നിന്ന് 14% ആയി ഉയര്‍ത്തും.
2022 ജനുവരിയിലെ ജിഎസ്ടി ഇനത്തില്‍ 1,40 ലക്ഷം കോടിയാണ് വരുമാനം നേടിയത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. 2022-23 വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകള്‍ നിര്‍മിക്കും.ഇതിനായി 48,000 കോടി രൂപ അനുവദിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. ഈ 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാള്‍ കൂടുതലാണ്. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ മറ്റ് ഉല്‍പ്പാദന മൂലധന നിക്ഷേപങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിക്കാം.
ആദായ നികുതി നിരക്കുകളില്‍ മാറ്റം ഉണ്ടാകില്ല. നികുതി സ്ലാബുകള്‍ നിലവിലെ രീതിയില്‍ തുടരും. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ്. വെര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി. ആദായ നികുതി റിട്ടേണുകള്‍ പുതുക്കി നല്‍കാം. ഇതിനുള്ള പരിധി രണ്ടു വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സി വിതരണം തുടങ്ങും. ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക.
5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തും. 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കും. 5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും. പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും. സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി 19,500 കോടി വകയിരുത്തി. പൊതുജന നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ബജറ്റില്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: