പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപനം രാജ്യത്തിന്റെ പുരോഗതിയിലും ജനങ്ങളുടെ ക്ഷേമത്തിലും താല്പര്യമുള്ള എല്ലാവര്ക്കും ആവേശം പകരുന്നതും ആത്മവിശ്വാസം നല്കുന്നതുമാണ്. അടുത്ത കാല്‍നൂറ്റാണ്ടുകാലത്തെ രാഷ്ട്രത്തിന്റെ മുന്നേറ്റത്തിന് ശക്തമായ അടിത്തറ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയരൂപീകരണമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞ രാഷ്ട്രപതി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ വിവിധ മേഖലയില്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങളെ അക്കമിട്ട് നിരത്തുകയുണ്ടായി. ജനാധിപത്യം എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ മാത്രമല്ലെന്നും, സഹജീവികളോട് ബഹുമാനവും ആദരവും പുലര്‍ത്തുന്ന മനോഭാവമാണെന്നുമുള്ള ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ ആശയമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് രാഷ്ട്രപതി വ്യക്തമാക്കുകയും ചെയ്തു. സാമൂഹ്യ നീതിയും സമത്വവും തുല്യാവസരവും ഉറപ്പു നല്കുന്ന അന്ത്യോദയ സങ്കല്പത്തിലാണ് സര്ക്കാരിനുവിശ്വാസം. ഇതിനാല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഗ്രാമീണര്‍ക്കും പാവങ്ങള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. രാഷ്ട്രത്തിന്റെ ഈ താല്പര്യമാണ് അടുത്തകാലത്ത് പത്മ അവാര്‍ഡുകളില്‍ പ്രതിഫലിക്കുന്നതെന്നും, സാമൂഹ്യസേവനത്തിന് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രത്തിന്റെ കരുത്താണെന്നും നയപ്രഖ്യാപനത്തില്‍ എടുത്തുപറയുകയുണ്ടായി. അധികാരക്കൊതി മൂത്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവുമായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നതിന് നയപ്രഖ്യാപനം മതിയായ തെളിവാണ്.
സമീപകാലത്ത് വിവിധരംഗങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എടുത്തുപറഞ്ഞ രാഷ്ട്രപതി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ അനുസ്മരിക്കുകയും ചെയ്തു. നൂറ്റിയന്പത് കോടി ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്യുക വഴി എഴുപത് ശതമാനം പേര്‍ക്ക് അതിന്റെ ഗുണം ലഭിച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. റെക്കോഡ് സമയം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഭാരതം നിര്‍മിച്ച വാക്സിന് നമുക്ക് മാത്രമല്ല ലോകത്തിനു മുഴുവന്‍ ഉപകാരപ്രദമായതിനെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞത് ഓരോ പൗരനും അഭിമാനം നല്കുന്ന കാര്യമാണ്. മോദി സര്‍ക്കാരിന്റെ ക്രിയാത്മകമായ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്നതിന്റെ ശോഭനമായ ചിത്രവും നയപ്രഖ്യാപനത്തില്‍ വരച്ചുകാട്ടുകയുണ്ടായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴുമാസത്തിനിടെ നാല്‍പ്പത്തിയെട്ട് ദശലക്ഷം യുഎസ് ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപമാണ് ഭാരതത്തിന് ലഭിച്ചത്. നിക്ഷേപകരുടെ ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത്. സര്‍ക്കാരിന്റെ നിരന്തര ശ്രമഫലമായി ലോകത്ത് ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഭാരതം മാറിയിരിക്കുന്നു. യുവസംരംഭകര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ അറുപതിനായിരത്തിലേറെ വരുന്ന സ്റ്റാര്‍ട്ടപ്പുകളിലൂടെ ആറ് ലക്ഷം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച അസ്ഥിരതകള്‍ക്കിടയിലാണ് ഇങ്ങനെയൊരു നേട്ടമെന്നത് കാണാതെ പോകരുത്. മൂന്നാം ലോകരാജ്യങ്ങള്‍ മാത്രമല്ല, വികസിത രാഷ്ട്രങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പുരോഗതിയിലേക്കുള്ള ഭാരതത്തിന്റെ ഈ സഞ്ചാരം.
സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ധീരമായ നടപടികളെ നയപ്രഖ്യാപനത്തില്‍ അടിവരയിട്ട് പറയുകയുണ്ടായി. ലിംഗസമത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം നടത്തിയതിനു പുറമെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്ന് വയസ്സായി ഉയര്‍ത്തിയത് സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്. ഓരോ വീട്ടിലും ജലം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ ആറ് ലക്ഷത്തിലേറെ കുടുംബങ്ങള്‍ ഗുണഭോക്താക്കളായി. കാര്‍ഷിക മേഖലയ്ക്ക് സര്‍ക്കാര്‍ നല്കുന്ന മുന്‍ഗണനയുടെ ചിത്രവും രാഷ്ട്രപതി അവതരിപ്പിക്കുകയുണ്ടായി. പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ പതിനൊന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് സഹായധനം ലഭിച്ചതും, കൊവിഡ് മഹാമാരിക്കിടയിലും കാര്ഷികോല്പ്പാദനത്തില് വന്‍ വളര്‍ച്ച കൈവരിക്കാനായതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മുപ്പത് ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചത്. കര്‍ഷകരില്‍നിന്ന് നാനൂറ് ലക്ഷത്തിലേറെ മെട്രിക് ടണ്‍ ഗോതമ്പ് സംഭരിക്കാനായത് സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന പ്രചാരണത്തിനുള്ള മറുപടിയാണ്. അന്‍പത് ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു. മൂന്നുലക്ഷം കോടിയിലേറെ രൂപയുടെ കാര്‍ഷികോല്‍പ്പന്ന കയറ്റുമതി നടന്നത് വിമര്‍ശകരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ചുരുക്കത്തില്‍ ഭാരതത്തിന്റെ തനത് സംസ്കാരത്തില്‍ അഭിമാനം കൊണ്ടും, രാഷ്ട്ര സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെയും രാഷ്ട്രം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് സംശയാതീതമായി തെളിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: