കോട്ടയം: കാല്‍നൂറ്റാണ്ട് പഴക്കമുള്ള കിണര്‍ മാലിന്യസംസ്‌കരണ പ്ലാന്റാക്കി മാറ്റുന്നതിന് നിര്‍മാണം തുടങ്ങി. ഉപയോഗശൂന്യമായ കിണര്‍ രൂപമാറ്റം വരുത്തിയാണ് മാലിന്യസംസ്‌കരണ പ്ലാന്റാക്കുന്നത്. ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ ചന്തയ്‌ക്കുസമീപം നിലവിലെ സംസ്‌കരണപ്ലാന്റിനോട് ചേര്‍ന്നാണ് 18 ലക്ഷം രൂപ മുടക്കി പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നത്. മാലിന്യ സംസ്‌കരണത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചു തെരുവു വിളക്കുകള്‍ തെളിക്കുന്ന കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലാണു വേറിട്ട പരീക്ഷണം.
ശുചിത്വ മിഷന്റെ അംഗീകാരം ലഭിച്ച പദ്ധതി നടപ്പാക്കുന്നതിനു കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കിണര്‍ വൃത്തിയാക്കി പ്ലാന്റിന്റെ അടിത്തറ നിര്‍മ്മിക്കുന്ന ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അനുമതി ലഭിച്ച പദ്ധതി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നടപ്പാക്കുകയാണ് ഇപ്പോള്‍. പാലക്കാട് ഐആര്‍ടിസി നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്നു. മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകുംവിധത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. കാഞ്ഞിരംകുളം കുടിവെള്ള പദ്ധതിക്കായി വശങ്ങള്‍ കരിങ്കല്ല് ഉപയോഗിച്ചു ഭിത്തി കെട്ടി നിര്‍മ്മിച്ച കിണറ്റിലെ വെള്ളം ഗുണനിലവാരം ഇല്ലാതായതോടെ ഉപയോഗശൂന്യമായി. പിന്നീട് ഈ കിണറിനു സമീപം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു. ഇതോടെ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള അവശിഷ്ടം, മറ്റു മാലിന്യങ്ങള്‍ എന്നിവ തള്ളുന്ന സ്ഥലമായി കിണര്‍ രൂപാന്തരപ്പെട്ടു. ഏതാനും മാസം മുന്‍പു കിണര്‍ വൃത്തിയാക്കിയപ്പോള്‍ 16 ലോഡ് മാലിന്യമാണ് ഇവിടെനിന്നു കോരിയത്.
കിണര്‍ മൂടാനായിരുന്നു പ്രഥമതീരുമാനം. പിന്നീട് പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു… അങ്ങനെ രണ്ടാമത്തെ സംസ്‌കരണ പ്ലാന്റ് കിണറ്റില്‍ തന്നെ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ടെന്‍ഡര്‍ ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോഴത്തെ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണിപ്പോള്‍. ഒന്നരപ്പതിറ്റാണ്ടു മുന്‍പു മാലിന്യ സംസ്‌കരണത്തിലൂടെ വൈദ്യുതി ഉല്‍പാദിപ്പിച്ചു ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി വിളക്കുകള്‍ തെളിച്ച പഞ്ചായത്താണു കുറവിലങ്ങാട്. പലവട്ടം പ്രവര്‍ത്തനം മുടങ്ങിയെങ്കിലും അപ്പോഴൊക്കെ പുനരുദ്ധരിച്ച് പ്രവര്‍ത്തനം നിലനിറുത്തി. മാംസാവശിഷ്ടങ്ങളും മത്സ്യം, പച്ചക്കറി അവശിഷ്ടങ്ങളും സംസ്‌കരിക്കുന്നു. സംസ്‌കരണത്തിനു ശേഷം പുറത്തുവരുന്ന അവശിഷ്ടം നിറഞ്ഞു പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ.
അറ്റകുറ്റപ്പണി നടത്തി പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്‌കരണ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് വൈദ്യുതിയാക്കി മാറ്റി ബസ്സ്റ്റാന്റിലെയും മാര്‍ക്കറ്റിലെയും വൈദ്യുതിവിളക്കുകള്‍ പ്രകാശിപ്പിക്കുകയാണ്. പുതിയ പ്ലാന്റിനു കൂടുതല്‍ സംഭരണശേഷിയും ഉണ്ട്. പച്ചക്കറി, ഭക്ഷണം, മാംസം തുടങ്ങിയവയുടെ മാലിന്യം സംസ്‌കരിക്കാം. ഇവിടെയും ഗ്യാസ് വൈദ്യുതിയാക്കി മാറ്റാന്‍ സൗകര്യം ഉണ്ട്. മാര്‍ച്ചില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണു പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കിയതും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മ്മാണം ആരംഭിച്ചത് ഇപ്പോള്‍ മാത്രമാണ്. മാര്‍ക്കറ്റ് പരിസരത്തെ മലിനജലം സംസ്‌കരിക്കാനുള്ള സീവേജ് പ്ലാന്റിന് 83 ലക്ഷം രൂപയുടെ പദ്ധതി കഴിഞ്ഞ ഭരണസമിതി തയാറാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: