കുറവിലങ്ങാട്: നവിമുംബൈയിലുള്ള സിമെന്‍സ് കമ്പനിയിയുടെ ഫാക്ടറിയില്‍ നിന്ന് ആയിരത്തി അഞ്ഞൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ഒരു ബ്രഹ്മാണ്ഡന്‍ അതിഥി കൂടി കുറവിലങ്ങാട്ട് എത്തി. വൈദ്യുതിവിതരണ രംഗത്തു സമഗ്രമാറ്റത്തിനു വെളിച്ചം പകരുന്ന ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ വോള്‍ട്ടേജ് ക്രമീകരിക്കാന്‍ വേണ്ടിയുള്ള റിയാക്ടര്‍ ആണ് ഈ പുതിയ യന്ത്രം.
സിമെന്‍സ് കമ്പനിയില്‍ നിന്നു വലിയ ട്രെയ്ലര് ലോറിയില്‍ എത്തിയ ഈ റിയാക്ടര്‍ കുറവിലങ്ങാട് പകലോമറ്റത്തെ സബ് സ്റ്റേഷന് പരിസരത്തു സ്ഥാപിക്കുന്ന ജോലി ഇതിനകം ആരംഭിച്ചു. കൂടംകുളം ലൈനില്‍ നിന്നു സ്വീകരിക്കുന്ന കൂടിയ അളവിലുള്ള വൈദ്യുതിയുടെ വോള്‍ട്ടേജ് ക്രമീകരിക്കുന്ന ജോലിയാണു റിയാക്ടര്‍ എന്ന യന്ത്രത്തിനുള്ളത്. കെഎസ്ഇബി കിഫ്ബി സഹായത്തോടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ 400 കിലോവോള്‍ട്ട് ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെ നിര്‍മ്മാണം ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ്. ഏപ്രില്‍ വരെയാണു കരാര്‍ കാലാവധിയെങ്കിലും പണികള്‍ വേഗം അവസാനിക്കില്ല.
നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കമ്മിഷന് ചെയ്യാന്‍ ലക്ഷ്യം ഉണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനം, ഗതാഗതം തുടങ്ങി പല പ്രശ്നങ്ങള്‍ ബാധിച്ചു.130 കോടി രൂപയാണു നിര്‍മ്മാണച്ചെലവ്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗങ്ങളില്‍ പുരോഗതി സാധ്യമാക്കുന്ന പദ്ധതിയാണിത്. സബ് സ്റ്റേഷന് നിര്‍മ്മാണ സ്ഥലത്തു 200 ടണ്‍ വീതം ഭാരമുള്ള 2 കൂറ്റന്‍ ട്രാന്‍സ്ഫോമറുകള്‍ ഇതിനകം സുരക്ഷിതമായി സ്ഥാപിച്ചു. ഇവയുടെ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം എത്തിച്ച റിയാക്ടര്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നു. സിമെന്‍സ് കമ്പനിയില്‍ നിന്നെത്തുന്ന വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇതിന്റെ പരിശോധന നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: