ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ്ഘടന കോവിഡിന് മുന്‍പുള്ള ആരോഗ്യകരമായ നാളുകളിലേക്ക് തിരിച്ചുപോകുന്നുവെന്ന് മാത്രമല്ല, നടപ്പു സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തരോല്പാദനരംഗത്തെ (ജിഡിപി) വളര്‍ച്ച 8.5 ശതമാനം പ്രതീക്ഷിക്കുന്നവെങ്കിലും അത് 9.2 ശതമാനം വരെ ഉയരുകയും ചെയ്യാമെന്നും കണക്കുകൂട്ടുന്നു. 2022ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ വിലയിരുത്തലുകള്‍.
ലോകബാങ്കും ഏഷ്യ ഡവലപ്മെന്റ് ബാങ്കും (എഡിബി) നടത്തിയ പ്രവചനങ്ങളോട് അടുത്ത് നില്ക്കുന്ന പ്രവചനം തന്നെയാണ് വളര്‍ച്ചയുടെ കാര്യത്തില്‍ സാമ്പത്തിക സര്‍വ്വേയും നടത്തിയിരിക്കുന്നത്. ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.7 ശതമാനം എന്നാണ് പ്രവചിച്ചിരിക്കുന്നതെങ്കില് ഏഷ്യന്‍ ബാങ്ക് അത് 7.5 ശതമാനം എന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്.
2020-21 വര്‍ഷം കോവിഡ് മഹാമാരിയും ദേശീയതലത്തിലുള്ള അടച്ചിടലും കാരണം ഇന്ത്യന്‍ സമ്പദ്ഘടന 7.3 ശതമാനം വരെ ഒരു ഘട്ടത്തില്‍ ചുരുങ്ങിപ്പോയിരുന്നതാണ്. കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളാല്‍ ശ്വാസം മുട്ടുമ്പോള്‍ നിയന്ത്രണങ്ങള്‍ സുഗമമാക്കിയും വിപുലമായ വാക്സിന് വിതരണം നടത്തിയും ഇന്ത്യ സുശക്തമായ നില കൈവരിച്ചിരിക്കുന്നു. കാര്‍ഷിക മേഖല 2021-22 കാലത്ത് 3.9 ശതമാനം വളരും. ഇത് 2020-21 കാലത്ത് 3.6 ശതമാനം മാത്രമായിരുന്നു. ഇന്ത്യയുടെ ഉപഭോഗം കോവിഡ് മഹാമാരിയുടെ കരിനിഴല്‍ വീണിട്ടും 2021-22 കാലത്ത് 7 ശതമാനമായി ഉയര്‍ന്നു. സേവനമേഖലയില്‍ 8.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യം 11 ശതമാനം വര്‍ധിക്കുമെന്നും കണക്കാക്കുന്നു.
വിജയകരമായി എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയും ടാറ്റാ പോലുള്ള വിശ്വാസ്യതയുള്ള കോര്പറേറ്റിനെക്കൊണ്ട് അത് ഏറ്റെടുപ്പിക്കുകയും ചെയ്തത് വഴി കേന്ദ്രസര്‍ക്കാരിന് എല്ലാ കോണുകളില്‍ നിന്നും കയ്യടി ലഭിച്ചു. ഇത് വന്‍ നേട്ടമായി സര്‍ക്കാര്‍ കാണുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ യുഎസും ചൈനയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നിരവധി കമ്പനികള്‍ക്ക് ഓഹരിവിപണയില്‍ പ്രവേശിക്കാനും മൂലധനം സമാഹരിക്കാനും കഴിഞ്ഞത് ഇന്ത്യയുടെ ഓഹരിവിപണിയുടെ കരുത്തായി സര്‍ക്കാര്‍ കാണുന്നു. ബാങ്കുകളുടെ കിട്ടാക്കടം ഘടനാപരമായി കുറഞ്ഞുവരികയാണെന്നും സാമ്പത്തിക സര്‍വ്വേ കണക്കുകൂട്ടുന്നു. ബാങ്ക് വായ്പയ്ക്ക് പകരം ഭാവിയില്‍ ഓഹരി വിപണിയിലൂടെ സാമ്പത്തിക തിരിച്ചുവരവ് എന്നതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: