പത്തനാപുരം: വനാതിര്‍ത്തികളില്‍ കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചില്ല. കഴിഞ്ഞവര്‍ഷം ഫയര്‍ലൈന്‍ തെളിക്കാന്‍ കാലതാമസമുണ്ടായതോടെ കാട്ടുതീയുടെ തീവ്രതയും കൂടുതലായിരുന്നു. വനം വകുപ്പും വനസംരക്ഷണസമിതിയും സംയുക്തമായാണ് കാട്ടു തീ തടയാന്‍ രംഗത്തിറങ്ങിയത്.
പത്തനാപുരം, പുനലൂര്‍ റേഞ്ചില്‍ ഉള്‍പ്പെടെ മിക്ക ഡിവിഷനുകളിലും അതിര്‍ത്തി തെളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ആദ്യം തന്നെ ആരംഭിക്കുന്നതാണ്. എന്നാല്‍ ഇത്തവണയത് ഉണ്ടായില്ല. നവംബര്‍ മുതല്‍ വലിയ ചൂടാണ് കിഴക്കന്‍മേഖലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വനംവകുപ്പും വനസംരക്ഷണസമിതിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം കിഴക്കന്‍മേഖലയില്‍ വനപ്രദേശങ്ങളിലെ അതിര്‍ത്തി തെളിയിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായിരുന്നില്ല.
ഇതിനാല്‍ തന്നെ ഏക്കര്‍കണക്കിന് വനഭൂമിയാണ് കത്തി നശിച്ചത്. കാട്ടുതീ വര്‍ധിച്ചത് കാരണം ജീവജാലങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഏറെ കേടുപാടുകളും സംഭവിച്ചിരുന്നു. കൂടാതെ ചൂടേറ്റ് വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുകയും ചെയ്തു. കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജീവജാലങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: