അര്ജുനന് ഗാണ്ഡീവം വില്ലെടുത്തേന്തി നിലകൊണ്ടതുകണ്ട് മഹാരഥരെല്ലാം ആര്‍ത്തുവിളിച്ചു. ശംഖനാദങ്ങളും ഭേരീപേശികളും കൊമ്പുകളും താണ്ടി ശബ്ദിക്കെ, അത് പെരുതായി മുഴങ്ങിക്കേട്ടു. ഋഷിമാരും ദേവഗണങ്ങളുമെത്തി. ഇരുസൈന്യങ്ങളും കടല്‍പോലെ ഇളകിക്കൊണ്ടിരിക്കുമ്പോള്‍ യുധിഷ്ഠിരന് വന്നുചേര്‍ന്നു. ഉടനെ അദ്ദേഹം ചട്ട ഊരിയിട്ട് വില്ലു താഴെവെച്ചു തേര്‍വിട്ടിറങ്ങി തൊഴുതുകൊണ്ട് ശത്രുസൈന്യത്തിന്റെ നേര്‍ക്ക് കിഴക്കോട്ടു നടന്നു.
പിതാമഹനായ ഭീഷ്മനെ നോക്കിയായിരുന്നു ആ നടപ്പ്. ഇതുകണ്ടയുടനെ അര്ജുനന് സഹോദരന്മാരോടൊപ്പം യുധിഷ്ഠിരന്റെ പിന്നാലെ ചെന്നു. അതിനു പിന്നാലെ ഭഗവാന് കൃഷ്ണനും ചെന്നു. ഉത്സാഹിതരായി മറ്റു ചില നൃപന്മാരും ചെന്നു.
അര്ജുനന് യുധിഷ്ഠിരനോട് ചോദിച്ചു, ”ഞങ്ങളെയെല്ലാം വെടിഞ്ഞ് കാല്നടക്ക് കിഴക്കോട്ടു നടന്ന് ശത്രുസേനയിലേക്ക് എന്തുറച്ചാണ് അങ്ങ് പോകുന്നത്?” ഭീമസേനന് ചോദിച്ചു,”ശസ്ത്രവും ചട്ടയും വെച്ചിട്ട് രാജാവേ! അങ്ങെവിടെ പോകുന്നു? ഈ സഹോദരന്മാരെ വിട്ടിട്ട് ചട്ടയിട്ട ശത്രുസൈന്യത്തിലേക്കോ?” നകുലന് പറഞ്ഞു, ”എന്റെ ജ്യേഷ്ഠനാകുന്ന അങ്ങുന്ന് പോകുന്നതുകണ്ട് ഹേ ഭാരത! എന്നുള്ളില്‍ പേടി തോന്നുന്നു. പറയൂ അങ്ങ് എങ്ങോട്ടാണ്?” സഹദേവന് പറഞ്ഞു, ”അതിഭയങ്കരമായ രണയോഗം നടക്കവെ ശത്രുക്കളുടെ നേര്‍ക്ക് എങ്ങു പോകുന്നു മന്നവാ!”
സഹോദരങ്ങളെല്ലാം ഇങ്ങനെ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ യുധിഷ്ഠിരന് മൗനത്തില്‍ നടന്നു. അതിനിടക്ക് മഹാശയനായ കൃഷ്ണന്, ”രാജാവിന്റെ ഇംഗിതം എനിക്കറിയാം,” എന്നു പറഞ്ഞു പുഞ്ചിരിച്ചു. ”ഭീഷ്മന്‍, ദ്രോണന്, കൃപന്‍, ശല്യന്‍ എന്നീ ഗുരുക്കന്മാരെ പണ്ടുമുതലേ രാജാവ് ശത്രുക്കളായി കേള്‍ക്കുന്നു. അവരുടെ അനുഗ്രഹം വാങ്ങി സമ്മതിപ്പിക്കാതെ ആ ഗുരുക്കന്മാരുമായി പോരാടിയാല്‍ അവരുടെ ശാപമേല്ക്കും. ബഹുമാനിതരായ അവരെ പൂജിച്ചു സമ്മതം വാങ്ങിയാല്‍ പോരില്‍ ജയമുണ്ടാകും.” കൃഷ്ണനിങ്ങനെ പറയവെ ധാര്‍ത്തരാഷ്ട്ര പക്ഷത്തുനിന്ന് ഹാ ഹാ ശബ്ദങ്ങള്‍ ഉയര്‍ന്നു. മറ്റുള്ളവരാരും ശബ്ദിച്ചുമില്ല.
കണ്ണനും സോദരന്മാരുമായെത്തിയ യുധിഷ്ഠിരനെ കൗരവപ്പട പലതുംപറഞ്ഞ് പരിഹസിച്ചുകൊണ്ടിരുന്നു. യുധിഷ്ഠിരന് ഭീഷ്മന്റെ അടുത്തെത്തിയപ്പോള്‍ ആ സംസാരം കേള്‍ക്കാന്‍ അവര്‍ ശബ്ദമടക്കി ചെവിയോര്‍ത്തു. കൈകളെക്കൊണ്ട് ഭീഷ്മന്റെ കാല് പിടിച്ചിട്ട് യുധിഷ്ഠിരന് പറഞ്ഞു, ”ആര്‍ക്കും ജയിക്കാനാവാത്ത അങ്ങയോട് ഞങ്ങള്‍ എതിര്‍ക്കുകയാണ്. മുത്തച്ഛാ! ഞങ്ങള്‍ക്ക് അനുവാദവും ആശിസ്സും തരേണമേ!”
ഭീഷ്മന്‍ പറഞ്ഞു, ”യുദ്ധത്തില്‍ ഇങ്ങനെ നീ വന്നില്ലായിരുന്നെങ്കില്‍ ഹേ രാജാവേ! നീ തോറ്റിടുംപാട് നിന്നെ ഞാന്‍ ശപിച്ചേനെ. എന്റെ മനസ്സു തെളിഞ്ഞു. ഉണ്ണീ! യുദ്ധം ചെയ്യുക, ജയിക്കുക പാണ്ഡവ! പിന്നെയും നിനക്കുണ്ടാകുന്ന അഭീഷ്ടങ്ങളെല്ലാം യഥാകാലം സാധിക്കും. നീ ആഗ്രഹിക്കുന്ന വരം എന്നില്‍നിന്നു വാങ്ങുക. നിനക്കു തോല്‍വി പറ്റില്ല. അര്‍ത്ഥത്തിനു മനുഷ്യന് ദാസനാകും. എന്നാല്‍ ആര്‍ക്കും അര്‍ത്ഥം ദാസനാകില്ല. നേരോതിയാല് കൗരവര്‍ എന്നെ അര്‍ത്ഥംകൊണ്ടു ബന്ധിച്ചു. കുരുനന്ദന! ഞാന്‍ അര്ത്ഥഭൃത്യനാണ്. പോരല്ലാതെ നീ എന്താണ് ആഗ്രഹിക്കുന്നത്?”
യുധിഷ്ഠിരന് പറഞ്ഞു, ”നിത്യവും എന്റെ ഹിതത്തിനായി വരണം. കൗരവന്നായി യുദ്ധം ചെയ്യണം. എന്നും എനിക്ക് വരം തരണം.” വീണ്ടും യുധിഷ്ഠിരന് തുടര്‍ന്നു, ”അപരാജിതനായ അങ്ങയെ പോരില്‍ എങ്ങനെ ജയിക്കും? എന്റെ നന്മ അങ്ങുന്ന് കരുതുന്നുവെങ്കില്‍ എന്റെ ഈ ആഗ്രഹത്തെ രഹസ്യമയി പറയുക.” ഭീഷ്മന്‍ പറഞ്ഞു, ”എന്നോട് യുദ്ധത്തില്‍ പൊരുതുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. ഏതു പുരുഷനായാലും സാക്ഷാല്‍ ദേവേന്ദ്രനായാലും ഞാന്‍ ജയിക്കും.”യുധിഷ്ഠിരന് പറഞ്ഞു, ”പിതാമഹാ! ഞാന്‍ അങ്ങയെ തൊഴുന്നു. അങ്ങയെ ശത്രുക്കള്‍ കൊല്ലേണ്ടുന്ന ഉപായം എന്തെന്ന് പറഞ്ഞുതരേണമേ!” ഭീഷ്മന്‍ പറഞ്ഞു, ”എന്നെ പോരില്‍ ജയിക്കാവുന്നവനെ ഞാനിതുവരെ കാണുന്നില്ല. പിന്നെ ഞാന്‍ മരിക്കാറുമായിട്ടില്ല. അതുകൊണ്ട് നീ ഇനിയും വരിക.” ഭീഷ്മസന്നിധിയില്നിന്ന് യുധിഷ്ഠിരന് ദ്രോണന്റെയടുക്കലെത്തി കുമ്പിട്ടു. ദ്രോണന് പറഞ്ഞു, ”ഞാന്‍ കൗരവര്‍ക്ക് അടിമപ്പെട്ടുപോയി. ഞാന്‍ കൗരവനുവേണ്ടി പൊരുതും. നിനക്കു ഞാന്‍ ആശിസ്സുകള്‍ നേരുന്നു. നീ കണിശമായും ജയിക്കും. നിന്റെ മന്ത്രി ഗോവിന്ദനാണല്ലോ. ധര്മ്മമെങ്ങ് അവിടെ കൃഷ്ണന്, കൃഷ്ണനെങ്ങ് അവിടെ ജയം, പോരാടൂ.”
യുധിഷ്ഠിരന് ചോദിച്ചു, ”മഹാബാഹോ! അങ്ങയെ എങ്ങനെയാണ് വധിക്കേണ്ടത്?” ദ്രോണന് പറഞ്ഞു, ”എന്നെ കൊല്ലാനാരുമില്ലെന്ന സത്യം നിന്നോടു പറയാം. ആരെങ്കിലും വിശ്വാസമുള്ളവര്‍ പറയുന്ന അപ്രിയം കേട്ടാല്‍ ഞാനുടനെ ശസ്ത്രം താഴെവെക്കും എന്ന സത്യവും നിന്നോടു പറയാം.”
അനന്തരം കൃപനെയും ശല്യനെയും കണ്ട് അനുഗ്രഹാശിസ്സുകള്‍ വാങ്ങി. കര്‍ണന്റെ തേര്നയിക്കുമ്പോള് യുദ്ധത്തില്‍ ആ വീര്യപുത്രനെ തേജോവധം ചെയ്യണമെന്നുള്ള അനുഗ്രഹവും ശല്യനോട് യുധിഷ്ഠിരന് വാങ്ങി. യുധിഷ്ഠിരന് സഹോദരങ്ങളോടൊപ്പം തിരിച്ചപ്പോള്‍ കൃഷ്ണന് കര്‍ണന്റെ അടുത്തെത്തി പറഞ്ഞു, ”ഹേ രാധേയ! നീ ഭീഷ്മനോടുള്ളവിദ്വേഷംകൊണ്ട് അദ്ദേഹത്തോട് എതിര്‍ക്കില്ലെന്ന് അറിഞ്ഞു. ഭീഷ്മനെ കൊല്ലും വരെ നീ ഞങ്ങളെ കൈക്കൊള്ളുക. ഭീഷ്മന്‍ വീണാല്‍ നീ പിന്നെ കൗരവപ്പടയിലേക്ക് പൊയ്ക്കൊള്ളു.”
കര്ണന് പറഞ്ഞു, ഞാന്‍ ധാര്ത്തരാഷ്ട്രന്ന് വിപ്രിയം ചെയ്യുകയില്ല. ദുര്യോധന ഹിതത്തിനായി ഞാന്‍ പ്രാണന് വിട്ടെന്നും ഓര്‍ത്തുകൊള്ളുക.” യുധിഷ്ഠിരന്റെ ധര്‍മ്മ പ്രവൃത്തികളില്‍ ആകൃഷ്ടനായ യുയുത്സു കൗരവപക്ഷത്തുനിന്ന് പാണ്ഡവപക്ഷത്തേക്ക് കൂറുമാറി. പാണ്ഡവപക്ഷം അവനെ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു.
സഹോദരങ്ങളോടുകൂടി ദുശ്ശാസനന് ഭീഷ്മനെ മുന്നില്‍ നിര്‍ത്തി സൈന്യത്തോടൊത്തു കേറി. അതുപോലെ ഭീമന് ഭീഷ്മനുമായി പോരിനിച്ഛിച്ചുകൊണ്ട് സഹോദരങ്ങളുമായി കേറി. ആര്‍പ്പും കിലുകിലുക്കവും ശബ്ദവും കൊമ്പും ഭേരീമൃദംഗങ്ങളുമൊത്ത് കുതിരകളുടെയും ആനകളുടെയും ശബ്ദങ്ങളോടെ യുദ്ധമാരംഭിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: