മെല്‍ബണ്‍: ചരിത്രം കുറിച്ച് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. അഞ്ചു സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വദേവിനെ കീഴടക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ താരമെന്ന റിക്കാര്‍ഡ് നദാലിന് സ്വന്തമായി. സ്‌കോര്‍: 2-6, 6-7, 6-4, 6-4, 7-5. മത്സരം അഞ്ചു മണിക്കൂര്‍ ഇരുപത്തിനാലു മിനിറ്റ് നീണ്ടു.
മുപ്പത്തിയഞ്ചുകാരനായ നദാലന്റെ 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇതോടെ, 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെയും റോജര്‍ ഫെഡററെയും പന്തള്ളി നദാല്‍ റിക്കാര്‍ഡ് സ്വന്തം പേരിലാക്കി. മെല്‍ബണ്‍ പാര്‍ക്കില്‍ ഇത് രണ്ടാം തവണയാണ് നദാല്‍ കിരീടം ചൂടുന്നത്.
ആദ്യ രണ്ട് സെറ്റും തോറ്റു പിന്നാക്കം പോയ നദാല്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ സെറ്റ് 2-6 നും രണ്ടാം സെറ്റ് 6-7 നും നഷ്ടമായി. പന്നീട് നദാല്‍ ഉജ്ജ്വലമായ തിരിച്ചുവന്നു. മൂന്നാം സെറ്റ് 6-4 നും നാലാം സെറ്റ് 6-4 നും കരസ്ഥമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ നദാലും മെദ്വദേവും ഒപ്പത്തിനൊപ്പം പൊരുതി മുന്നേറിയതോടെ പോരാട്ടം ആവേശഭരിതമായി. ഒടുവില്‍ 7-5 ന് സെറ്റ് പോക്കറ്റിലാക്കി നദാല്‍ കിരീടത്തില്‍ മുത്തമിട്ടു. ഇതിന് മുമ്പ് 2009 ലാണ്് നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. അന്ന് റോജര്‍ ഫെഡററെയാണ് കീഴടക്കിയാണ് ചാമ്പ്യനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: