അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ മധുവിന്റെ കേസില്‍ നിയമസഹായം വാഗ്ദാനം നല്കി നടന് മമ്മൂട്ടി. കേസില്‍ മധുവിന്റെ കുടുംബത്തിന് നിയമ സഹായം ഉറപ്പുവരുത്താന്‍ കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാന്‍ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതെ വന്നതോടെയാണ് നിയമ സഹായവുമായി മമ്മൂട്ടി രംഗത്ത് വന്നത്. എന്നാല്‍ കേസ് നടത്തിപ്പ് സര്‍ക്കാര്‍ നിയോഗിക്കുന്ന അഭിഭാഷകന് തന്നെയാകുമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ മമ്മൂട്ടി മധു കേസ് ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് മമ്മൂട്ടിയുടെ പി ആര് ഒ റോബര്‍ട് കുര്യാക്കോസ് വ്യക്തമാക്കി.
മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂക്കയുടെ നിര്‍ദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഒരു കാലതാമസവും വരാതെ നമ്മളാല്‍ കഴിയുന്ന സഹായം അവര്‍ക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു അദ്ദേഹം എനിക്ക് തന്നിരുന്ന കര്‍ശന നിര്‍ദ്ദേശം. സംസ്ഥാന നിയമമന്ത്രി ശ്രീ പി രാജീവിനെയും അദ്ദേഹം അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സര്‍ക്കാര്‍ വക്കീലിനെ തന്നെ ഈ കേസില്‍ ഏര്‍പ്പാടാക്കും എന്ന് അദ്ദേഹം മമ്മൂക്കക്ക് ഉറപ്പും കൊടുത്തു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു.
മധുവിനു നീതി ഉറപ്പ് വരുത്തുവാന്‍, കേസ് സുഗമായി കൊണ്ടുപോകുവാന്‍ ആ കുടുംബത്തിനും സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുമൊപ്പം മമ്മൂക്കയുടെ കരുതല്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് എല്ലാവരെയും പോലെ തനിക്കും ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: