പച്ചക്കറിയില്‍ അപൂര്‍വ്വമായ സങ്കര വിത്തുകള്‍ പുറത്തിറക്കി കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ നേടുകയാണ് വെള്ളായിനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാല. പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ നൂതന രീതികള്‍ ഉപയോഗിച്ച് കൊണ്ട് കുറഞ്ഞ ചിലവില്‍ ഉഷ്ണ മേഖല പച്ചക്കറി വര്‍ഗ വിളകളില്‍ സങ്കരയിന വിത്തുകള്‍ സര്‍വ്വകലാശാല വികസിപ്പിച്ചിട്ടുണ്ട്.
കക്കരി അഥവാ സാലഡ് കുക്കുമ്പറില്‍, മഴമറയ്‌ക്കും പുറത്തും കൃഷി ചെയ്യാന്‍ യോജിച്ച ഹീര, ശുഭ്ര എന്നീ സങ്കര ഇനങ്ങള്‍ പെണ്‍ ചെടികളെ ഉപയോഗിച്ച് കൊണ്ട് ഇവിടെ നിന്നും ഉരുത്തിരിയിച്ചിട്ടുണ്ട്. ഇപ്രകാരം പെണ്‍ ചെടികളെ ഉപയോഗിക്കുമ്പോള്‍ തുറസ്സായ സ്ഥലത്തു പരിസ്ഥിതി സൗഹൃദമായ രീതിയില്‍ തേനിച്ചകളെ ഉപയോഗിച്ചുള്ള പരാഗണം വഴി വിത്തുണ്ടാക്കാന്‍ സാധിക്കും.
ഗൈനീഷ്യസ്സ് ടെക്‌നോളജി എന്ന പേരില്‍ അറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യയില്‍ വളരെ കുറച്ച് സ്ഥാപനങ്ങള്‍ മാത്രമേ പ്രാവര്‍ത്തികം ആക്കിയിട്ടുള്ളു. ഇപ്രകാരം ഉണ്ടാക്കുന്ന സങ്കര വിത്തില്‍ ധാരാളം പെണ്‍ പൂക്കള്‍ ഉണ്ടാകുന്നത് കൊണ്ട് കനത്ത വിളവ് ലഭിക്കും. ഇത് കൂടാതെ പോളിഹൗസിനു യോജിച്ച പാര്‍ത്തിനോ നോകാര്‍പിക് എന്ന വിഭാഗത്തില്‍ പെടുന്ന പ്രത്യേക കക്കരി ഇനവും വെള്ളാനിക്കരയില്‍ നിന്നും പുറത്തിറക്കിയിട്ടുണ്ട്. കെ.പി. സി.എച്ച് – 1 എന്ന പേരില്‍ പുറത്തിറക്കിയിട്ടുള്ള ഈ ഇനം ദേശീയ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സീഡ്‌സ് സബ് കമ്മിറ്റി നോട്ടിഫൈ ചെയ്ത പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള ഈ വിഭാഗത്തില്‍ പെട്ട ആദ്യത്തെ സങ്കര ഇനമാണ്.
പോളിഹൗസില്‍ പ്രത്യേക സങ്കര ഇനങ്ങള്‍ തന്നെ ആവിശ്യമാണ്.സ്വയം കായുണ്ടാകുന്ന ഇനങ്ങളാണ് പരാഗണം സാധ്യമല്ലാത്ത പോളിഹൗസിനു യോജിച്ചത്. അത് കൊണ്ട് തന്നെ ഇത്തരം ഇനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ സ്വകാര്യ കമ്പനികള്‍ അമിതമായ വില ആണ് ഈടാക്കി കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് പോളിഹൗസിനു യോജിച്ച സങ്കര ഇനം കക്കരിക്ക് ഒരു വിത്തിന് അഞ്ചു രൂപ മുതല്‍ ആണ് സ്വകാര്യ കമ്പനികള്‍ ഈടാക്കി കൊണ്ടിരിക്കുന്നത്. ഈ മേഖലയില്‍ ആണ് കെപിസിഎച്ച്- 1 വളരെ വില കുറഞ്ഞ്, ഒരു രൂപ നിരക്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഇത് കേരളത്തില്‍ മാത്രമല്ല തെലുങ്കാന,കര്‍ണാടക,ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരും ഇന്ന് പോളിഹൗസില്‍ വ്യാപകമായി കൃഷി ചെയ്ത് കൊണ്ടിരിക്കുകയാണ്.
പച്ചക്കറി ശാസ്ത്ര വിഭാഗത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട നേട്ടമാണ് കുരു ഇല്ലാത്ത തണ്ണിമത്തന്‍ ഹൈബ്രിഡുകളുടെ വികസനം.2015ല്‍ കുരു ഇല്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ ഹൈബ്രിഡ് സ്വര്‍ണയും,2017ല്‍ ചുവന്ന കാമ്പുള്ള ഷോണിമയും വെള്ളാനിക്കരയില്‍ ഉള്ള പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ നിന്നും പുറത്തിറക്കുകയുണ്ടായി. മഞ്ഞക്കാമ്പുള്ള കുരു ഇല്ലാത്ത തണ്ണിമത്തന്‍ ഇന്ന് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ഗവേഷണ സ്ഥാപനം വികസിപ്പിക്കുന്നത്.
സിട്ട്രുലിന്‍ എന്ന പ്രത്യേക പോഷണ വസ്തു കൂടുതല്‍ ഉള്ള ഈ ഇനം ഇന്ന് ഇന്ത്യയില്‍ ലഭ്യമാക്കുന്നത് കാര്‍ഷിക സര്‍വകലാശാലയിലെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ നിന്ന് മാത്രമാണ്. ഈ രണ്ട് ഇനങ്ങളും കുരു ഇല്ലാത്ത തണ്ണിമത്തന്‍ സങ്കര ഇനങ്ങളാണ്. ഇന്ന് ഇവയുടെ സാങ്കേതിക വിദ്യ കമ്പനികള്‍ പ്രത്യേക ഫീസ് അടച്ചു കൊണ്ട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വാങ്ങുകയാണ് . ഇന്ത്യയില്‍ കുരു ഇല്ലാത്ത തണ്ണിമത്തന്‍ ഇനങ്ങളുടെ കൃഷി രീതി പ്രചരിപ്പിക്കാന്‍ ആയിട്ട് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ ദ്രുതഗതിയില്‍ ഉള്ള പ്രവര്‍ത്തനം ആണ് നടന്നുകൊണ്ടിരിക്കുന്നത്.
പീച്ചിങ്ങ അഥവാ ഞരമ്പന്‍ എന്നു പേരുള്ള പച്ചക്കറി ഇനം, വെള്ളരി വര്‍ഗ വിളകളില്‍ നാരുകള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഇനമാണ്.ഈ ഇനത്തില്‍ കെആര്‍എച്ച് -1 എന്ന ഹൈബ്രിഡ് 2019ല്‍ വെള്ളാനിക്കരയില്‍ നിന്ന് പുറത്തിറക്കുകയുണ്ടായി. ഇത് സിജിഎംഎസ് സിസ്റ്റം എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു സ്ഥലത്ത് മറ്റു പീച്ചിങ്ങയിലെ ഇനങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തി ഇതിന്റെ മാത്രം ആണ്‍ ചെടികളും പെണ്‍ ചെടികളും ഇട കലര്‍ന്ന് നട്ടാല്‍ ഇതിന്റെ സങ്കര വിത്ത് തേനിച്ചയുടെ പരാഗണത്തിലൂടെ നമുക്ക് ഉണ്ടാക്കാന്‍ കഴിയും.ഇപ്രകാരം പീച്ചിങ്ങയില്‍ ഇന്ത്യയില്‍ ആദ്യമായി ഉണ്ടാക്കിയ സങ്കര വിത്തിനമാണ് കെആര്‍എച്ച്-1.നല്ല വിള പൊലിമയുള്ള കെ.ആര്‍.എച്ച്- 1ന്റെ കായ്കള്‍ മൃദുവും അത്യന്തം രുചിയേറിയതും ആണ്.
വഴുതനയില്‍, നീലിമ എന്ന സങ്കര ഇനം വെള്ളാനിക്കരയില്‍ നിന്നും പുറത്തിറക്കുകയുണ്ടായി. നീലിമ ബാക്ടീരിയല്‍ വാട്ട രോഗത്തെ പ്രതിരോധിക്കുന്ന സങ്കര ഇനമാണ്.ആകര്‍ഷകമായിട്ടുള്ള വയലറ്റ് നിറത്തോടു കൂടിയ ഉരുണ്ട കായ്കള്‍ ആണ് നീലിമയുടെ പ്രത്യേകത. ഇത് കൂടാതെ പാവലില്‍ ഗൈനീസിയസ് (പെണ്‍ചെടികള്‍) സാങ്കേതിക വിദ്യ വഴി ഉരുത്തിരിയിച്ച ഹൈബ്രിഡ് കര്‍ഷകരുടെ ഇടയില്‍ പരീക്ഷണത്തിലാണ്. അനതിവിദൂരമായ ഭാവിയില്‍ തന്നെ പാവലിലും മികച്ച ഹൈബ്രിഡ് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് പച്ചക്കറിശാസ്ത്ര വിഭാഗം മേധാവി ഡോ.ടി പ്രദീപ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: