മണികണ്ഠന് കുറുപ്പത്ത്
ആലാപന മാധുര്യം കൊണ്ട് പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ് ‘പാട്ട് വീടിലെ’ രവീന്ദ്രനും കുടുംബവും. മുപ്പത് വര്‍ഷമായി ഗാനാലാപന രംഗത്തുള്ള രവീന്ദ്രനും ഭാര്യയും രണ്ടു പെണ്മക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത ദൃശ്യ വിരുന്നുകള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.
കാസര്‍ഗോഡ് ചെറുവത്തൂരിലുള്ള പാടാച്ചേരി വീട്ടില്‍ എപ്പോഴും ഉത്സവ പ്രതീതിയാണ്. ഗൃഹനാഥനായ രവീന്ദ്രനും ഭാര്യ സീനയും, മക്കളായ അനാമികയും വൈഗയും ഒഴിവുവേളകള്‍ സംഗീതത്തിനായി മാറ്റിവച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് കൊവിഡ് തുടക്ക സമയത്ത് നേരമ്പോക്കിനായി കുടുംബ സമേതം തുടങ്ങിയ ഗാനാലാപനത്തിന് ശബ്ദവീചികളേക്കാള്‍ വേഗമുള്ള വളര്‍ച്ചയായിരുന്നു. അനാമികയും സഹോദരി വൈഗയും അച്ഛനമ്മമാരോട് ചേര്‍ന്ന് ആലപിക്കുന്ന ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് പേര് നെഞ്ചേറ്റി കഴിഞ്ഞു.
1990 ല്‍ പയ്യന്നൂര്‍ സ്വാതി ഓര്‍ക്കസ്ട്ര എന്ന ഗാനമേള ട്രൂപ്പിന്റെ മാനേജരായിരുന്നു രവീന്ദ്രന്. പാട്ട് പാടാനുള്ള താല്‍പ്പര്യം കൊണ്ട് സംഗീതം അഭ്യസിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കൈതപ്രം വിശ്വനാഥന്റെ ശിക്ഷണത്തില്‍ ഏഴു വര്‍ഷം സംഗീതം അഭ്യസിച്ചു. 2003 ല്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ ജോലി ലഭിച്ചെങ്കിലും ഗാനമേളകള്‍ ഒഴിവാക്കാന്‍ രവീന്ദ്രന് തയ്യാറായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലായി മൂവായിരത്തോളം വേദികളില്‍ രവീന്ദ്രന്റെ ഗാനങ്ങള്‍ അലയടിച്ചിട്ടുണ്ട്.
രവീന്ദ്രന്റെ ഭാര്യ സീന തുരുത്തി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പ്രിന്‍സിപ്പലാണ്. മക്കള്‍ക്കും ഭര്‍ത്താവിനും കൂട്ടായി നില്ക്കാന് വേണ്ടി ഗായികയുടെ വേഷമണിഞ്ഞതാണ് സീന. മൂത്ത മകള്‍ അനാമിക പിലിക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ആറ് വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന അനാമിക നിരവധി ഗാനമേളകളില്‍ പാടി കഴിവു തെളിയിച്ചിട്ടുണ്ട്. കലോത്സവത്തില്‍ ലളിത ഗാനത്തില്‍ എ ഗ്രേഡ് നേടിയ അനാമിക ഒട്ടേറെ മ്യൂസിക് ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ഇളയവള്‍ വൈഗ അമ്മ അധ്യാപികയായ സ്കൂളില്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. നാല് വര്‍ഷമായി സംഗീതം അഭ്യസിച്ചു വരുന്നു.
‘പാട്ട് വീട്’ മലയാളികള്‍ സ്നേഹിക്കാന്‍ തുടങ്ങിയത് ഈ നാലംഗ കുടുംബത്തിന്റെ ശബ്ദമാധുര്യവും ഒത്തൊരുമയും ഒന്നുപോലെ ആസ്വദിച്ചിട്ടാണെന്ന് നിസ്സംശയം പറയാം. 2020 ല്‍ ‘തുളസിക്കതിര് നുള്ളിയെടുത്ത്’ എന്ന ഗാനവുമായി ഫേസ്ബുക്കില്‍ പാട്ട് വീട് എന്ന തങ്ങളുടെ പേജിലൂടെ എത്തിയ രവീന്ദ്രനും കുടുംബവും പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ പിടിച്ചു പറ്റി. ഒറ്റ ലാപ്പല് മൈക്ക് ഉപയോഗിച്ച് നാല് പേരിലേക്കും കൈമാറി പാടിയായിരുന്നു തുടക്ക കാലം. ശനിയും ഞായറും ദിവസങ്ങളിലാണ് ഗാനങ്ങള്‍ റെക്കോഡ് ചെയ്യുന്നത്. രണ്ടു വര്‍ഷക്കാലയളവിനുള്ളില്‍ നൂറിലധികം ഗാനങ്ങള്‍ കുടുംബ സമേതം ഇവര്‍ പാടി. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവര്‍ക്ക് ഫേസ്ബുക്കില്‍ ഉള്ളത്.
തമിഴില്‍ വരാനിരിക്കുന്ന സിനിമയിലേക്കും ഗാനമാലപിക്കാന്‍ ഇവര്‍ക്ക് ക്ഷണമുണ്ട്. രവീന്ദ്രനും കുടുംബത്തിനും വിവിധ ദേശങ്ങളില്‍ നിന്നായി നിരവധിയാളുകള്‍ അഭിനന്ദനം അറിയിച്ച് വിളിക്കാറുണ്ട്. ചെറു പുഞ്ചിരിയോടെ പതിവ് മുഖഭാവവുമായി പാട്ട് വീട്ടിലെ ഗായകര്‍ വീണ്ടും പാട്ടിന്റെ ലോകത്തേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: