സജികുമാര്‍ കുഴിമറ്റം
സായന്തനമായിരുന്നു. സിന്ദൂരച്ഛവി പടര്‍ന്ന അസ്തമനാംബരത്തില് ചെമ്പരത്തിത്തുമ്പിലെ പൂംപരാഗംപോലെ പീതവര്‍ണ്ണം ഇടചേര്ന്നലിഞ്ഞ് അലൗകിക ദീപ്തി പരത്തി. പകല്‍നീണ്ട പ്രയാണത്തില്‍ തളര്‍ന്ന ദേശാടനക്കിളികള്‍ രാവില്‍ ഒന്നിളവേല്‍ക്കാന്‍ ഉന്നതമായ വൃക്ഷശിഖരം തേടി ഇന്ദ്രധനുസ്സ് തീര്‍ത്ത് കിഴക്കോട്ടു പാ റിനീങ്ങി.
വിളക്കാംകുന്നിനപ്പുറം ക്ഷേത്രശ്രീകോവിലില്‍ ദീപാരാധനയുടെ മണിമുഴങ്ങി. ഇടയ്ക്കയുടെ നാദമധുരത്തിനൊപ്പം ഗീതഗോവിന്ദത്തിന്റെ തേന്ശീലുകള് നേര്‍ത്തകാറ്റില്‍ ഒഴുകിവന്നു. ആഹാ! എന്തു പ്രസന്നമാണീ പ്രണയസന്ധ്യ എന്നവന് വിസ്മയംകൊണ്ടു.
തെങ്ങിന്‍തോപ്പിലെ വിജനമായ ഒറ്റയടിപ്പാതയില്‍ നിന്നും ആരും കാണുന്നില്ല എന്ന് ഒന്നൂടി ഉറപ്പാക്കി വയല്വരമ്പിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ കട്ടകാരകളും കൈതോലകളും വേലിപ്പരത്തികളും ചുറ്റിപ്പിണര്‍ന്ന തോട്ടുവക്കിലെ ചിറയില്‍ ഒരു ബിന്ദുപോലെ അവളുടെ മുഖം കണ്ടു.
തേന്മാവില് ചുറ്റിയ വനജ്യോത്സ്നയുടെ തളിര്‍ലത പോലെ പ്രണയലോലയായി അവള്… നീളന്‍ നീലജൂബ്ബയുടെ പോക്കറ്റില്‍ അവന് കൈകടത്തി. പൊതി ഭദ്രമായി അതിലുണ്ട് എന്ന് ഒന്നൂടിയുറപ്പാക്കി. വലിയ പരീക്ഷയുടെ ജയം കഴിഞ്ഞ് നടക്കാവിലെ ഉത്സവത്തിന് കൂട്ടുകാരി വാങ്ങിയ കുപ്പിവളകള്‍ കണ്ടപ്പോഴാണ് അവളും അതേപോലെ രണ്ടു ഡസന്‍ കുപ്പിവളകള്‍ വേണമെന്നു പറഞ്ഞത്.
പൂരവും വേലയും കൂടി നടക്കുന്നവനെങ്കിലും ഒരു ചിന്തിക്കടയുടെ മുന്നിലും കുപ്പിവളക്കിലുക്കങ്ങളും അതിലും മനോജ്ഞമായ കിളിക്കൊഞ്ചലുകളും കേട്ടുനിന്നിട്ടില്ലാത്തവന് ആ ആഗ്രഹത്തോടു മുഖംതിരിക്കാന്‍ ആവില്ലായിരുന്നു.
വിളകൊയ്യാറായ വയല്‍വരമ്പില്‍ നിന്ന് തോട്ടുവക്കിലെ കൈതപ്പടര്പ്പിലേക്ക് കയറുമ്പോള്‍ മേലേമാനത്ത് നക്ഷത്രങ്ങള്‍ക്കൊപ്പം നേര്‍ത്ത ശശിലേഖയും ചിരിതൂവുന്നു. വളയിട്ട കൈകളുടെ ചന്തംകണ്ടുനില്ക്കേ ചന്ദനസുഗന്ധിയായി കുളിര്‍കാറ്റുവീശി… തണുവണിത്തെന്നലില് തനുതളര്ന്നവള് അവന്റെ മാറില്‍ച്ചേര്‍ന്നു.
വയല്വിജനതയില് വളപ്പൊട്ടുകള്‍ തേങ്ങി….ഇളംമേനിയില്‍ ചോരച്ചുവപ്പാല് അവ തീര്‍ത്ത സഹസ്രദള പദ്മങ്ങളില്‍ ഒന്നു ചുംബിക്കാനോ തലോടാനോ പോലും ഇടതരാതെ മുറിവേറ്റ മനസ്സുമായി അവളോടിപ്പോയി. പൊട്ടിയ വളത്തുണ്ടുകള്‍ നിധിപോലെ നെഞ്ചോരംചേര്ത്ത് ഒരു ഭീരുവിനെപ്പോലെ പ്രയാണത്തിന്റെ തുടക്കം ആ രാവിലായിരുന്നു.
രണ്ടു വ്യാഴവട്ടങ്ങളുടെ ഇടവേളയ്ക്കു ശേഷം അതേ വളപ്പൊട്ടുകളും നരച്ചു മുഷിഞ്ഞതെങ്കിലും അന്നത്തെ നീളന്‍ നീല ജൂബയുമായി തിരിച്ചെത്തിയ സന്ധ്യയില്‍ ഇന്ദ്രപ്രസ്ഥത്തില്‍ സ്ഥലജല വിഭ്രാന്തിയില്‍ പെട്ട ദുര്യോധനനെപ്പോലെ വഴിയറിയാതെ അയാള്‍ കുഴങ്ങി. പഴയ തെങ്ങിന്‍തോപ്പിലെ ഒറ്റയടിപ്പാതയില്‍ നാലുവരിയുടെ ബൈപ്പാസ്.
അതിലെ വിളക്കുകാലിന് ചുവട്ടില്‍ പഴയ പുഴയോരത്തെ കട്ടകാരകളും കൈതോലകളും വേലിപ്പരത്തിയും നിറഞ്ഞ രഹസ്യസ്ഥലി തേടവേ ലേഖാലോലമായ ആകാശത്തെ ചുംബിക്കുന്ന ഫഌറ്റ് സമുച്ചയം അയാളുടെ വയല്ക്കാഴ്ചകളെ എന്നേയ്ക്കുമായി മറച്ചുകളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: