തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതിയ പെട്രോള്‍ പമ്പിന്റെ പണികള്‍ക്ക് തുടക്കമായി. ഇന്നലെ റിംഗ് റോഡിന്റെ വശത്ത് നിന്നിരുന്ന പഴയ വർക്ക്‌ഷോപ്പ് കെട്ടിടം പൊളിച്ചു തുടങ്ങി. കെട്ടിടം പൊളിച്ചതിനുശേഷം പുതിയ പെട്രോള്‍ ഡീസല്‍ ടാങ്കുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളുടെ വാഹനങ്ങള്‍ കയറാവുന്ന രീതിയിലാണ് പമ്പിന്റെ നിര്‍മാണം നടത്തുന്നത്.
45 സെന്റ് സ്ഥലമെങ്കിലും പെട്രോള്‍ പമ്പിനായി വിട്ടു നല്‍കേണ്ടി വരുമെന്നാണ് പറയുന്നത്. എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ നിലവില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ തന്നെ സ്ഥലമില്ലാത്ത സാഹചര്യമാണുള്ളത്. ബസുകള്‍ രാത്രിയായാല്‍ റിംഗ് റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. വർക്ക്‌ഷോപ്പ് കൂടി വരുന്നതോടെ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതാകും.
സ്റ്റാന്‍ഡില്‍ ഇതിനകം തന്നെ വേറെ രണ്ടു വിഭാഗങ്ങള്‍ക്കും സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. മില്‍മയുടെ യൂണിറ്റ് തുടങ്ങുന്നതിനായി കവാടത്തിന്റെ കുറച്ചു ഭാഗം വിട്ടു നില്‍കിയിട്ടുണ്ട്. ഇവിടെ രൂപം മാറ്റിയ ബസിലാണ് മില്‍മയുടെ കച്ചവടം. കൂടാതെ മുന്നിലായി കുടുംബശ്രീക്കാര്‍ക്കും സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്.
റിംഗ് റോഡിനായി വിട്ടുകൊടുത്ത സ്ഥലത്തിനു പകരം തൃശ്ശൂര്‍ കോര്‍പറേഷന്‍ ശക്തന്‍ സ്റ്റാന്‍ഡിന്റെ ഭാഗത്ത് 25 സെന്റ് സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. കര്‍ണാടക ബസുകള്‍ക്കായാണ് ഈ സ്ഥലം നീക്കി വച്ചിരിക്കുന്നത്. കൂടാതെ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമോ,ശുചിമുറികളോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: