പടിഞ്ഞാറെ കല്ലട: കോതപുരത്ത് യാത്രാദുരിതത്തിന് പരിഹാരമായി റെയില്‍വെ അടിപ്പാത യാഥാര്‍ഥ്യമായി. അവസാനവട്ട നിര്‍മാണങ്ങള്‍ നടക്കുന്ന അടിപ്പാത അടുത്ത മാസം തന്നെ തുറന്നുകൊടുക്കാനാണ് അദികൃതരുടെ തീരുമാനം. ഇതോടെ തലയിണക്കാവ് ക്ഷേത്രത്തിന് മുന്നിലുള്ള റെയില്‍വേ ഗേറ്റ് വിസ്മൃതിയിലേക്ക് നീങ്ങും.
പഞ്ചായത്തിലെ ജനങ്ങളുടെ സ്വപ്നമായിരുന്നു തലയിണക്കാവ് ക്ഷേത്രത്തിന് മുന്നിലുള്ള റെയില്‍വേ ഗേറ്റ് മാറ്റി അടിപ്പാത നിര്‍മിക്കണമെന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്ക്കരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വികസനകാഴ്ചപ്പാടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
അത്യാവശ്യ സര്‍വ്വീസുകള്‍ക്കിടയില്‍ എപ്പോഴും വിലങ്ങുതടിയായിരുന്നു റെയില്‍വെ ഗേറ്റ്. ഒരുതവണ അടച്ചാല്‍ പത്തുമുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ യാത്രക്കാര്‍ പെട്ടുപോകുന്ന അവസ്ഥയുണ്ടായിരുന്നു. തീരാദുരിതമായിരുന്ന ഈ റെയില്‍വേ ഗേറ്റ് മാറ്റി സ്ഥാപിക്കാന്‍ പതിറ്റാണ്ടുകളായി യാത്രക്കാര്‍ ആവശ്യമുയര്‍ത്തിയതാണ്. ഒരു ആമ്പുലന്‍സ് സര്‍വ്വീസിന് പോലും ഈ റെയില്‍വേ ഗേറ്റ് അടയ്ക്കുന്നത് കാരണം ദുരിതമായിരുന്നു. തലമുറകളായി യാത്രാദുരിതം അനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് ഒരു മോക്ഷമാണ് അടിപ്പാത.
തൊട്ടടുത്തുള്ള സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയായ കോതപുരം വെട്ടിയതോട് പാലം പണി ഇതിനൊപ്പം തുടങ്ങിയതാണെങ്കിലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഈ പാലം പണി കൂടി പൂര്‍ത്തിയായാല്‍ യാത്ര ദുരിതത്തിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: