തിരുവനന്തപുരം: യുഎപിഎ കേസ് പ്രതിയായി യുപി ജയിലിലുള്ള സിദ്ദിഖ് കാപ്പന് സെക്രട്ടറിയായ കേരള പത്രപ്രവര്‍ത്തക യൂണിയന് ( കെയുഡബ്ല്യൂജെ) ഡല്‍ഹി ഘടകത്തിന്റെ 25 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ് ധനകാര്യ വകുപ്പിലെ ഇന്സ്പെക്ഷന് വിങ് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഇന്സ്പെക്ഷന് വിങ് അന്വേഷിക്കാന്‍ തീരുമാനമായത്.
കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചു സെക്രട്ടറി സിദ്ദിഖ് കാപ്പന് സമര്‍പ്പിച്ച വിനിയോഗ കണക്കുകള്‍ പിആര്‍ഡി വകുപ്പിലെ ഇന്സ്പെക്ഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിരാകരിച്ചിരുന്നു. പ്രസ് ക്ലബ് ഓഫിസും ലൈബ്രറിയും നിര്‍മിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചു കൈപ്പറ്റിയ 25 ലക്ഷം രൂപ കുടുംബമേളയും യാത്രയയപ്പും സിനിമാ പ്രദര്‍ശനവും നടത്താന്‍ ചെലവിട്ടുവെന്നാണ് സിദ്ദിഖ് കാപ്പന് പിആര്‍ഡിക്കു സമര്‍പ്പിച്ച വിനിയോഗ റിപ്പോര്‍ട്ടില്‍ കണക്കു നല്‍കിയത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഫണ്ട് ഫിക്സഡ് ഡെപ്പോസിറ്റാക്കി പലിശ വരുമാനമുണ്ടാക്കിയതു ഗുരുതരമായ പിഴവാണെന്നും പിആര്‍ഡി ഇന്സ്പെക്ഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
പിആര്‍ഡി വകുപ്പില്‍ സിഎജി നടത്തിയ പരിശോധനയിലും ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം കണ്ടെത്തിയിരുന്നു. തുക എത്രയും വേഗം തിരിച്ചു പിടിക്കാനും ഭാരവാഹികള്‍ക്കെതിരെ നിയമ നടപടിയെടുക്കാനും സിഎജി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ധനകാര്യ ഇന്സ്പെക്ഷന് വിഭാഗത്തിന്റെ അന്വേഷണത്തിനായി പിആര്‍ഡി സെക്രട്ടറി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. പിആര്‍ഡിയുടെ നിര്‍ദേശം അംഗീകരിച്ച മുഖ്യമന്ത്രി ധനകാര്യ ഇന്സ്പെക്ഷന് വിങിന്റെ അന്വേഷണത്തിനായി ധനമന്ത്രിയോടു നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് ധനകാര്യ ഇന്സ്പെക്ഷന് വിങ് അന്വേഷണത്തിനു തീരുമാനിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: