മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ലീഗില്‍ വനിതാനേതാക്കളെ പാടെ വെട്ടിനിരത്തി. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ വെട്ടിനിരത്തല്‍. പാര്‍ട്ടിയിലെ ഏകപക്ഷീയ നിലപാട് മൂലമാണ് മണ്ണാര്‍ക്കാട് വനിതാ ലീഗ് നേതൃത്വ സ്ഥാനം എം.കെ. സുബൈദ് രാജിവെച്ചത്.
നഗരസഭയിലെ ആദ്യവനിതാ ചെയര്‍പേഴ്സനായിരുന്നു ഇവര്‍. അന്ന് മുതല്‍ ലീഗിലെ തന്നെ ചില നേതാക്കന്മാരുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഒരോ വാര്‍ഡിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചിലര്‍ കൈകടത്താന്‍ ശ്രമിച്ചതും, റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന് ടെണ്ടര്‍ നല്‍കുന്നത് ചില പ്രദേശിക നേതാക്കള്‍ പറയുന്ന ആളുകള്‍ക്ക് നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ അവരത് അനുസരിച്ചില്ല. ഇത് പ്രദേശിക നേതൃത്വത്തിന് തിരിച്ചടിയായി.
2020ലെ തെരഞ്ഞെടുപ്പില്‍ നാരങ്ങാപ്പെറ്റ വാര്‍ഡില്‍ മത്സരത്തിന് ഒരുങ്ങുമ്പോള്‍ മൂന്നുപ്രാവശ്യം മത്സരിച്ചവര്‍ക്ക് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന് പറഞ്ഞ് നേതൃത്വം മാറ്റിനിര്‍ത്തുകയാണ് ഉണ്ടായത്. എന്നാല്‍ ആ വാര്‍ഡ് ഇടതുപക്ഷം വിജയിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
നഗരസഭ മുന്‍ കൗണ്‍സിലര്‍ ഷഹന കല്ലടിയും ലീഗില്‍ നിന്ന് രാജിവെച്ചു. അതിനു കാരണവും മത്സരിക്കാന്‍ അവസരം നല്‍കാത്തതാണ് എന്ന് പറയുന്നുണ്ടെങ്കിലും അതെല്ലെന്നാണ് ഷഹന പറയുന്നത്. അവിടേയും പാര്‍ട്ടിയിലെ ചില നേതാക്കളുടെ മേലാളിത്തവും, ഏകാധിപത്യ പ്രവണതയുമാണെന്നാണ് പറയുന്നത്.
സംസ്ഥാന നേതൃത്വത്തെ വരെ മറികടന്നാണ് ചില പ്രാദേശിക നേതാക്കളുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പു കളില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജില്ലാ – മണ്ഡലം ലീഗ് നേതാക്കള്‍ക്ക് കഴിയുന്നില്ല. മറ്റു പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കി ഉയര്‍ത്തി കൊണ്ടുവരുമ്പോള്‍ ലീഗ് വനിതാ നേതൃത്വത്തെ തഴയുവാനാണ് ശ്രമം.
15 വര്‍ഷമായി മണ്ണാര്‍ക്കാട് പഞ്ചായത്തായിരുന്നപ്പോഴും നഗരസഭയായപ്പോഴും വാര്‍ഡ് അംഗമായും ചെയര്‍പേഴ്സണായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ വനിത ലീഗ് മണ്ഡലം ട്രഷററുമായിരുന്നു.
അതേ കാലയളവില്‍ മൂന്നുതവണ മത്സരിച്ച ഒരു വ്യക്തിയെ ജില്ലാ, മണ്ഡലം നേതാക്കന്മാരുടെ ഒത്താശയോടെ നാലാം തവണയും പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ചിരുന്നു. ഈ വ്യക്തിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഉള്‍പ്പെടെ രാജി വെപ്പിക്കുകയുണ്ടായെന്നും പറയുന്നു.
പാര്‍ട്ടിയില്‍ അംഗംപോലുമല്ലാത്ത ഈ വ്യക്തിയെ പിന്നീട് നഗരസഭയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയാക്കിയെന്നും ഇതിനെല്ലാം പുറമെ ഇപ്പോള്‍ പാര്‍ട്ടിയിലെ ജില്ലാ സഹ ഭാരവാഹിത്വങ്ങളും നല്‍കിയെന്നും കത്തിലുണ്ട്. ചില നേതാക്കന്മാരുടെ ഏകപക്ഷീയമായ നിലപാടുകളാണ് ഇതിനെല്ലാം കാരണം. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ജില്ലാ, മണ്ഡലം നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മൂന്നാമത്തെ വനിതാ നേതാവാണ് ഇപ്പോള്‍ സ്ഥാനങ്ങള്‍ രാജിവെച്ചത്. ഷഹന കല്ലടി സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസല്‍മയെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഉമ്മു സല്‍മയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: