ഒറ്റപ്പാലം: കോതകുറിശ്ശിയില്‍ ശിവസേന മുന്‍ ജില്ലാ നേതാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ.
പനമണ്ണ ആലിക്കല്‍ വീട്ടില്‍ ഖാലിദ്(43), തൃക്കടീരി കീഴൂര്‍ റോഡ് വളയങ്ങാട്ടില്‍ മുഹമ്മദ് മുനീര്‍(30), കീഴൂര്‍ റോഡ് കണക്കഞ്ചേരി അന്‍സാര്‍ അഹമ്മദ്(36), പനമണ്ണ അമ്പലവട്ടം പള്ളിപ്പടി തറയില്‍ അബ്ദുള്‍ മനാഫ്(36), തൃക്കടീരി അത്തിക്കോടന്‍ വീട്ടില്‍ യൂനസ്(35), പിലാത്തറ പുത്തന്‍പീടികയില്‍ റഫീക്ക് എന്ന പീക്കുറഫീക്ക്(40), പനമണ്ണ അമ്പലവട്ടം പുത്തന്‍പുരക്കല്‍ ഫിറോസ്(44) എന്നിവരെയാണ് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് പി. സൈതലവി കഠിന തടവിനും പിഴയടക്കാനും വിധിച്ചത്.
കേസില്‍ ഉള്‍പ്പെട്ട എലിയപ്പറ്റ സ്വദേശികളായ മുഹമ്മദ് ഷാഫി, അബ്ബാസ്, പനമണ്ണ സ്വദേശി ഇല്യാസ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്ക് പുറമേ അബ്ദുള്‍ മനാഫ്, അന്‍സാര്‍ അഹമ്മദ് എന്നിവരും പനമണ്ണ ചക്യാവില്‍ വിനോദ് വധ കേസില്‍ ഉള്‍പ്പെട്ടവരാണ്. അബ്ദുള്‍ മനാഫിനും അന്‍സാര്‍ അഹമ്മദിനും കോടതി നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍, പരിക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, ന്യായവിരോധമായി ആയുധങ്ങളുമായി സംഘം ചേരല്‍ എന്നീ വകുപ്പുകളിലാണ് ശിക്ഷിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2013 ഡിസംബര്‍ 17 രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം. കോതകുറുശ്ശി സെന്ററില്‍ ശിവസേന മുന്‍ ജില്ലാ നേതാവ് പ്രസാദിനെ ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 25 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും തെളിവുകളും പരിശോധിച്ചാണ് വിധി. സിഐമാരായ കെ.എം. ദേവസ്യ, കെ.ജി സുരേഷ്, എം.വി. മണികണ്ഠന്, വി.എസ്. ദിനരാജന് തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഹരി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: