മുണ്ടക്കയം ഈസ്റ്റ്: വന്യമൃഗശല്യം രൂക്ഷമായ ചെന്നാപ്പാറ കൊമ്പുകുത്തി മേഖല ഇപ്പോള്‍ പുലിപ്പേടിയിലാണ്. മൂന്നു മാസത്തിനിടെ കൊമ്പുകുത്തി മേഖലയില്‍ മാത്രം അജ്ഞാത ജീവി കടിച്ച് കൊന്നത് 30ഓളം നായ്‌ക്കളെ.
ഏറ്റവും ഒടുവില്‍ ബുധനാഴ്ചയും ഒരു നായയെക്കൂടി കൊന്നു. കൊമ്പുകുത്തി കണ്ണാട്ടുകവലയില്‍ കാഞ്ഞിരത്തിന്‍മുകളേല്‍ ശ്രീനിവാസന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. ശരീര ഭാഗങ്ങള്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ്. പുലി തന്നെയാണ് നായ്‌ക്കളെ കൊല്ലുന്നതെന്ന് ഉറപ്പിച്ചു പറയുകയാണ് കൊമ്പുകുത്തി നിവാസികള്‍.
കഴിഞ്ഞ ദിവസം ചെന്നാപ്പാറ ഭാഗത്ത് പശുവിനെയും ഇത്തരത്തില്‍ അക്രമിച്ച് കൊന്നിരുന്നു. ചെന്നാപ്പാറയില്‍ ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടതായി ആദ്യം പറഞ്ഞത്. പിന്നീട് പലരും കാണുന്ന സ്ഥിതിയുണ്ടായി. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് വനം വകുപ്പും പുലിതന്നെയാണ് ഉറപ്പിച്ച സ്ഥിതിയാണ്. ശബരിമല വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വനത്തില്‍ നിന്നാവും പുലിയെത്തിയതെന്നാണ് കരുതപ്പെടുന്നത്.
വന്യമൃഗശല്യത്താല്‍ പുറത്തിറങ്ങാന്‍ തന്നെ ഭയന്നു കഴിയുകയാണ് ചെന്നാപ്പാറ, കൊമ്പുകുത്തി നിവാസികള്‍. കൊമ്പുകുത്തിയില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കൊമ്പുകുത്തി, പുത്തന്‍വീട്ടില്‍ വത്സല ചെല്ലപ്പന്റെ കൃഷിയിടത്തിലും പരിസരത്തുമാണ് കാട്ടാനകളുടെ ശല്യമുണ്ടായത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാട്ടാനകള്‍ കൂട്ടമായി എത്തുകയും, വീടിനോട് ചേര്‍ന്നുളള പുരയിടത്തിലെ തെങ്ങ്, കമുക്, വാഴ അടക്കമുള്്ള കൃഷികള്‍ നശിപ്പിക്കുകയുമായിരുന്നു. സ്വകാര്യ റബ്ബര്‍തോട്ടവും ശബരിമല വനവും അതിരു പങ്കിടുന്ന പ്രദേശമാണിത്.
മേഖലയില്‍ വനത്തില്‍ നിന്നും കാട്ടാന കൂട്ടമിറങ്ങത് നിത്യ സംഭവുമാണ്. കഴിഞ്ഞ ദിവസം മടുക്ക കൊമ്പുകുത്തി റോഡരികില്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. കൂടാതെ ചെന്നാപ്പാറ ഭാഗത്ത് നിന്ന് രാജവെമ്പാലയെയും പിടികൂടിയിരുന്നു. അടിയന്തരമായി പുലിയെ പിടികൂടുവാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: