കല്‍പ്പറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ കോടികള്‍ വിലയുള്ള വന ഭൂമി വിട്ടു കൊടുക്കുന്നു. 200 കോടിയില്‍ അധികം രൂപ മാര്‍ക്കറ്റ് വിലയുള്ളതും കല്‍പ്പറ്റ നഗരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതും കഴിഞ്ഞ അരനൂറ്റാണ്ടായി നിബിഢ വനമായി സംരക്ഷിച്ചു വരുന്നതുമായ 18.250 ഹെക്ടര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് അടിയറ വെക്കാന്‍ ഒരുങ്ങി വനം വകുപ്പ്.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റയിഞ്ച് ഓഫീസര്‍ ഉന്നത വനം ഉദ്യോഗസ്ഥരുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി മഹസ്സര്‍ തയ്യാറാക്കി ഡിഎഫ്ഒക്ക് നല്‍കിക്കഴിഞ്ഞു. ഭൂമിയില്‍ യാതൊരു നിയമാനുസൃത അവകാശവുമില്ലാത്ത കല്‍പ്പറ്റ എന്‍സ്റ്റണ്‍ ടി എസ്‌റ്റേറ്റ് ലിമിറ്റഡിനാണ് ഭൂമി വിട്ടു കൊടുക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന എല്ലാ ഭൂമികളുടെയും കൈമാറ്റം നിയമവിരുദ്ധമാണെന്നും അതിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാറിനാണെന്നുമുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള നടപടി. അത്തരം ഭൂമികള്‍ വീണ്ടെടുക്കാന്‍ കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് ജില്ലാ കളക്ടര്‍ ബ്രിട്ടീഷ് ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന എസ്‌റ്റേറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ എന്‍സ്റ്റണ്‍ എസ്‌റ്റേറ്റും ചെമ്പ്രാ പീക്ക് എസ്റ്ററ്റും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരരാഗമിക്കെ തന്നെയാണ് വനം വകുപ്പ് ഭൂമി കൈമാറുന്നത്. ഇത് നിലവിലുള്ള സകല നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണിതെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ് ആക്ടനുസരിച്ച് കേരള സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത് ചെമ്പ്രാ പീക്ക് എസ്‌റ്റേറ്റ് ലിമിറ്റഡ് ഏറ്റെടുത്ത 724.25 ഹെക്ടര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടതാണ് കല്‍പ്പറ്റ വില്ലേജിലെ ഈ 18.250 ഹെക്ടര്‍ ഭൂമി. ഈ ഭൂമി 1981 മെയ് മാസം 2 തീയതിയിലെ 109/ 81 ഉത്തരവ് പ്രകാരം കല്‍പ്പറ്റ കോഫി ഗവേഷണ കേന്ദ്രത്തിന് സര്‍ക്കാര്‍ വിട്ടു കൊടുത്തെങ്കിലും ഭൂമി കൈമാറിയിട്ടില്ലായിരുന്നു. ഈ ഉത്തരവ് ഇതുവരെ റദ്ദ് ചെയ്തിട്ടില്ല. ഇതിനിടെ വനം പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 10 വോള്യം ഫയലുകള്‍ നഷ്ടപ്പെട്ടു.ഉന്നതരുടെ ഒത്താശയോടെയുള്ള ഒത്തുകളിയുടെ ഭാഗമായി ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ട ഈ ഫയലുകള്‍ ഇന്നുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഫയലുകള്‍ സംബന്ധിച്ച് യാതൊരു അന്വേഷണവും ഇതെ വരെ നടന്നിട്ടില്ല. വനം വകുപ്പിന്റെ ഉന്നത സ്ഥാനത്തുള്ളവര്‍ തൊട്ട് താഴെത്തട്ടിലുള്ളവര്‍ വരെ പങ്കാളികളായ വന്‍ അഴിമതിയാണ് ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്. വളരെ ഗൂഢവും ചടുലവുമായ നീക്കത്തിലൂടെ മിന്നല്‍ വേഗത്തിലാണ് ഭൂമി കൈമാറ്റ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യം മുതലെടുത്താണ് എല്ലാം അരങ്ങേറുന്നത്. വനഭൂമി സ്വകാര്യ തോട്ടമുടമക്ക് കൈമാറിയാല്‍ ശക്തമായി ചെറുക്കുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രകൃതി സംരക്ഷണ സമിതി സൗത്ത് വയനാട് ഡിഎഫ്ഒ, ഫോറസ്റ്റ് കസ്‌റ്റോഡിയന്‍, പിസിസിഫ്, ഗവ: സെക്രട്ടറി എന്നിവരെ അറിയിച്ചിട്ടുണ്ട് എന്നും പ്രകൃതി സംരക്ഷണ സമിതി അറിയിച്ചു. പത്രസമ്മേളനത്തില്‍ എന്‍. ബാദുഷ, തോമസ്സ് അമ്പലവയല്‍, ബഷീര്‍, ആനന്ദ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: