തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ ഗവര്‍ണര്‍ വഴി കേന്ദ്രസര്‍ക്കാരിന് സാധിക്കും. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഒഴിവാക്കുന്നതിനായാണ് ഇടതു സര്‍ക്കാര്‍ ലോകായുക്താ നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ലോകായുക്ത വിഷയത്തില്‍ ബിജെപിയും യുഡിഎഫും അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണ്. ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ ബിജെപിയും ഇക്കാര്യത്തില്‍ ഗവര്‍ണറുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നു. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തത്. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോണ്‍ഗ്രസ് ഭരണമുള്ള പഞ്ചാബില്‍ നടത്തിയത് വിഡി സതീശനും കൂട്ടരും മറക്കുകയാണോ എന്നും കോടിയേരി ചോദിച്ചു.
നായനാര്‍ സര്‍ക്കാര്‍ ലോകായുക്ത നിയമം കൊണ്ടുവപ്പോഴുള്ള ഇന്ത്യയല്ല ഇന്നത്തേത്. നിയമത്തെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങത്.
നിയമസഭാ സമ്മേളനം ഇല്ലാത്ത അവസരത്തില്‍ മന്ത്രിസഭയ്‌ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാം. അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും.
ലോകായുക്തയുടെ പരിഗണനയ്‌ക്ക് വരുന്ന വിഷയങ്ങള്‍ വിപുലമാണ്. അതിന് കുറവ് വരുത്തുന്ന ഒന്നും ചെയ്യുന്നില്ല. അഴിമതിക്കെതിരേ നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സര്‍ക്കാരിനുണ്ട്. എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളില്‍ പ്രത്യക്ഷത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ അതിന്മേല്‍ ഇടപെടാനുള്ള സംവിധാനം മുന്‍പേയുണ്ട്. നടപടിയെടുത്തിട്ടുമുണ്ടെന്നും കോടിയേകരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: