തൃശ്ശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതില്‍ ഗുരുതര വീഴ്ച. കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്കി. ചേറ്റുവ സ്വദേശി മുത്തണ്ടാശേരി സഹദേവന്റെയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റെയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. സഹദേഹന്റെ (89) മൃതദേഹത്തിന് പകരം ഇയാളുടെ ബന്ധുക്കള്‍ക്ക് ആളു മാറി സെബാസ്റ്റ്യന്റെ (58) മൃതദേഹം നല്‍കുകയായിരുന്നു. സംസ്കാരത്തിന് ശേഷമാണ് മൃതദേഹം മാറിയ കാര്യം തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങള്‍ മാറി നല്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അധികൃതര്‍ സസ്പെന്റ് ചെയ്തു. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍മാരായ അബ്ദുള്‍ഖാദര്‍, ജിഷ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ 5.30നാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് ഉച്ചയ്ക്ക് 12ന് വിട്ടുകൊടുത്തു. തുടര്‍ന്ന് സഹദേവനാണെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മൃതദേഹം ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ചു. മോര്‍ച്ചറിയിലെ 305-ാം നമ്പറുള്ള റാക്കിലായിരുന്നു സഹദേവന്റെ മൃതദേഹം. എന്നാല്‍ 310-ാം നമ്പര്‍ റാക്കിലെ സെബാസ്റ്റ്യന്റെ മൃതദേഹം മാറി നല്‍കുകയായിരുന്നു.
ടോക്കണ്‍ പ്രകാരം ഉച്ചതിരിഞ്ഞ് മൂന്നിന് രണ്ടാമത് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ സെബാസ്റ്റ്യന്റെ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ മാറിപ്പോയെന്ന വിവരം കണ്ടെത്തിയത്. ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സെബാസ്റ്റ്യന്റെ ബന്ധുക്കളും സഹദേവന്റെ വീട്ടിലേക്കെത്തി. ഏങ്ങണ്ടിയൂരില്‍ പഞ്ചായത്ത് ക്രിമിറ്റോറിയത്തിലായിരുന്നു സംസ്കാരം. ഇവിടെയെത്തുമ്പോഴേക്കും ചിതയ്ക്ക് തീ കൊളുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി.
ഏറെ നേരത്തേ വാക്കുതര്‍ക്കത്തിനിടയില്‍ ചിതാഭസ്മമെങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ നിലപാടെടുത്തു. സഹദേവന്റെ വീട്ടുകാര്‍ ഇത് അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവന്റെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി. മൃതദേഹം മാറി നല്‍കിയെന്ന് വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ഇയാളുടെ ബന്ധുക്കള്‍ക്ക് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ പിന്നീട് വിട്ടു നല്കി. വൈകിട്ടോടെ മെഡിക്കല്‍ കോളേജിലെത്തി സഹദേവന്റെ മൃതദേഹം ചേറ്റുവയിലേക്ക് ഇയാളുടെ ബന്ധുക്കള്‍ കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: