ബെംഗളൂരു: കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കണ്ടെത്തിയത് ബെംഗളൂരുവില്‍ നിന്ന്. നഗരത്തിലെ മഡിവാളയില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയേയും രണ്ട് ആണ് സുഹൃത്തുക്കളേയും കണ്ടെത്തിയത്. മഡിവാള മാരുതി നഗറില്‍ മലയാളികള്‍ നടത്തുന്ന സ്വകാര്യ ഹോട്ടലില്‍ മുറി എടുക്കുന്നതിനായി എത്തിയ പെണ്‍കുട്ടികളുടേയും യുവാക്കളുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹോട്ടലുടമ മഡിവാള പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ രണ്ട് യുവാക്കള്‍ ഹോട്ടലില്‍ മുറി അന്വേഷിക്കുകയും പിന്നീട് 2.30 മണിയോടെ ആറ് പെണ്‍കുട്ടികളേയും കൂട്ടി ഇവര്‍ വീണ്ടും ഹോട്ടലിലേക്ക് വരികയുമായിരുന്നു. ആണ്‍കുട്ടികള്‍ ഇരുവരും മുറിയെടുക്കുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയെങ്കിലും പെണ്‍കുട്ടികളുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ഇവരുടെ പക്കല്‍ ഫോണും പഴ്സും ഇല്ലെന്നും ഇവ കളവ് പോയെന്നുമാണ് പെണ്‍കുട്ടികള്‍ ഹോട്ടലില്‍ പറഞ്ഞത്. കൂടാതെ ഒരു പെണ്‍കുട്ടി അവശ നിലയിലുമായിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെയാണ് ഹോട്ടലുടമ പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളില്‍ അഞ്ച് പേര് പോലീസ് എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ടു.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും മഡിവാള പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍, കര്‍ണാടക രജിസ്ട്രേഷനിലുള്ള ബൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കോഴിക്കോട് നിന്നും അന്വേഷണസംഘം വ്യാഴാഴ്ച തന്നെ ബെംഗളൂരുവിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ആറ് പെണ്‍കുട്ടികളെയും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികള്‍ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് പോലീസ് നിഗമനം.
സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂര്‍ പോലീസില്‍ പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ഒരുമിച്ച് റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കുട്ടികള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കര്‍ണാടകത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധവുമാണ്. ഇക്കാരണത്താല്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു.
കാണാതായ ആറു പേരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. അതേസമയം പോലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ തന്നെയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം ബെംഗളൂരു സിറ്റി പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടികളുമായി മുന്‍പരിചയമില്ലെന്നും ബെംഗളൂരുവില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടതെന്നും യുവാക്കള്‍ പറഞ്ഞതായി മഡിവാള എസ്ഐ പ്രിയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: