ന്യൂദല്‍ഹി: ഭാരതത്തില്‍ 5ജി ടെലികോം സര്‍വീസുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടി ജൂഹി ചൗളയ്ക്ക് ചുമത്തിയിരുന്ന പിഴ 20 ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ദല്‍ഹി ഹൈക്കോടതി കുറച്ചു. രാജ്യത്ത് 5ജി സ്ഥാപിക്കുന്നതിനെതിരായി നടി ഹര്‍ജി നല്‍കിയതിനാണ് ഹൈക്കോടതി പിഴ ചുമത്തിയത്.
പരാതിക്കൊപ്പം നല്കിയ അപേക്ഷകള്‍ സാധുതയില്ലാത്തതാണെന്ന് കണ്ടെത്തിയതിനാല്‍ പിഴയുടെ ഒരു ഭാഗം അടക്കാന്‍ ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതനു പുറമെ ഏതാനും ദിവസം സാമൂഹിക സേവനവും ചെയ്യാനും കോടതി നിര്‍ദേശിച്ചു. ദല്‍ഹി ലീഗല്‍ അതോറിറ്റിക്കു വേണ്ടി ജൂഹി ചൗള പ്രചാരണ പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ലീഗല്‍ അതോറിറ്റി പദ്ധതി തയാറാക്കുമെന്നും കോടതി കൂട്ടിചേര്‍ത്തു.
5ജി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇക്കാര്യത്തില്‍ പഠനം നടത്തിയ ശേഷമേ ഇന്ത്യയില്‍ സേവനങ്ങള്‍ക്ക് തുടക്കമിടാവൂ എന്നുമാവശ്യപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം ജൂഹി ചൗള ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി നിയമ പ്രക്രിയയുടെ ദുരുപയോഗമായും പബ്ലിസിറ്റി നേടാനുള്ള ശ്രമമാണെന്നും ആരോപിച്ച് സിംഗിള്‍ ജഡ്ജി ബെഞ്ച് ചൗളക്കെതിരെ 20 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. വിധിക്കെതിരെ ജൂഹിചൗള നല്കിയ അപ്പീലിലാണ് നിലവിലെ വിധി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: