പത്തനാപുരം: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കലഹം പത്തനാപുരത്ത് വീണ്ടും രൂക്ഷമാകുന്നു. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുകയാണ്. പിടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് വീണ്ടും വിവാദം.
യുഡിഎഫ് ഭരണം നടത്തുന്ന ബാങ്കില്‍ ഐ ഗ്രൂപ്പിലെ വിന്‍സെന്റ് ഡാനിയേലായിരുന്നു ബാങ്ക് പ്രസിഡന്റ്. പതിനൊന്ന് അംഗ ഭരണസമിതിയിലെ ഏഴ് പേര് അവിശ്വാസത്തിലൂടെ വിന്‍സെന്റ് ഡാനിയേലിനെ പുറത്താക്കി. (എ) ഗ്രൂപ്പിലെ ലാലുമോന് അട്ടിമറിയിലൂടെ പ്രസിഡന്റാവുകയും ചെയ്തു.
കോണ്‍ഗ്രസിനുള്ളിലെ കടുത്ത പോരിനെ തുടര്‍ന്ന് ഭരണസമിതി രാജിവെച്ച് അഡ്മിനിസ്ട്രറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ ബാങ്കില്‍ ഒരു വര്‍ഷം മുമ്പാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം വിന്‍സെന്റ് ഡാനിയേലും അടുത്ത രണ്ടര വര്‍ഷം ലാലുമോനെയുമായിരുന്നു പാര്‍ട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിന് കാത്ത് നില്‍ക്കാതെ ഒരു വര്‍ഷമായപ്പോഴേക്കും ഏഴ് ഭരണസമിതി അംഗങ്ങളെ കൂട്ടുപിടിച്ച് അവിശ്വാസത്തിലൂടെ ലാലുമോന് പ്രസിഡന്റാവുകയായിരുന്നു. ഒന്നരകോടിയോളം പണം കൈക്കലാക്കാവുന്ന ബാങ്കിലെ നിയമനങ്ങളാണ് എല്ലാത്തിനും പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: