കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദീലിപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേയ്ക്ക് മാറ്റി. ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ബുധനാഴ്ചവരെ കേസില്‍ ദിലീപിനേയും മറ്റ് പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ദിലീപിന്റെയും മറ്റ് പ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഞായര്‍ മുതല്‍ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതേവരെയുള്ള അന്വേണ വിവരങ്ങള്‍ പ്രോസിക്യൂഷന് ഇന്ന് കോടതിക്ക് കൈമാറും.
ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുണ്ട്. സംവിധായന് ദിലീപിന്റെ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: