ന്യുദല്‍ഹി: 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായി ജമ്മുകശ്മീരിലെ ശ്രീനഗറില്‍ 73ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തി.
ശ്രീനഗറിലെ ലാല്‍ ചൗക്കിലുള്ള പ്രസിദ്ധമായ ക്ലോക്ക് ടവറിന് മുകളിലാണ് ജനവരി 26ന് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയത്. പ്രദേശവാസികള്‍ പങ്കെടുത്ത പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകരായ സാജിദ് യൂസഫ് ഷായും സാഹില്‍ ബഷീര്‍ ഭട്ടുമാണ് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. സാജിദ് യൂസഫ് ഷായും സാഹില്‍ ബഷീര്‍ ഭട്ടും പതാകയേന്തി ക്രെയിനിലേറിയാണ് ക്ലോക്ക് ടവറിന് മുകളില്‍ എത്തി പതാക ഉയര്‍ത്തിയത്.
‘ഇതുവരെ ഇവിടെ പാകിസ്ഥാന്റെ പതാക മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. അതുകൊണ്ട് ഈ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയുടെ പതാക ഉയര്‍ത്താമെന്ന് തീരുമാനിച്ചു. ക്ലോക്ക് ടവറില്‍ കഴിഞ്ഞ 70 വര്‍ഷത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാക ഉയരുന്നത്,’ സാജിദ് യൂസഫ് ഷാ പറഞ്ഞു.
‘പണ്ട് വേണ്ടത്ര സുരക്ഷ താഴ് വരയില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുക അസാധ്യമായിരുന്നു. നാളെ ഞങ്ങള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല,’ സാജിദ് യൂസഫ് ഷാ കൂട്ടിച്ചേര്‍ത്തു.
ഏറ്റവുമൊടുവില്‍ 30 വര്‍ഷം മുന്‍പാണ് ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ന്നത്. അന്ന് ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ നരേന്ദ്രമോദിയും ചേര്‍ന്നാണ് ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. അന്ന് 1992ല്‍ കശ്മീര്‍ താഴ് വരയില്‍ തീവ്രവാദം കൊടുമ്പിരിക്കൊണ്ട സമയമാണ്. ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിന് കശ്മീരിലെ രാഷ്ട്രീയത്തില്‍ പ്രാധാന്യമുണ്ട്. ഇതിന് മുന്‍പ് പലതവണ ഇവിടെ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.
കശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു 1948ല്‍ ഇവിടെ വെച്ച് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയശേഷം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ക്ലോക്ക് ടവര്‍ ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: