ആലപ്പുഴ; അപകടക്കെണിയായി മാറിയ ആലപ്പുഴ ബൈപാസില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. ട്രാഫിക് പൊലീസിന്റെയും, പോലീസ് കണ്‍ട്രോള്‍ റൂം, ഹൈവേ പട്രോളിങ് ടീമുകളുടെ നേതൃത്വത്തില്‍ റഡാര്‍ പരിശോധന കര്‍ശനമാക്കി.പിഴ ഈടാക്കിയതിനു പുറമേ ബൈപാസില്‍ അടുത്ത സമയത്തുണ്ടായ അപകടങ്ങളെ സംബന്ധിച്ചു ബോധവല്‍ക്കരണവും നടത്തി. അമിത വേഗമാണ് ബൈപാസിലെ അപകടങ്ങള്‍ക്ക് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ബൈപാസില്‍ പരിശോധന നടത്തുന്നുണ്ട്. റഡാര്‍ പരിശോധനയും നിരീക്ഷണവും വരും ദിവസങ്ങളിലും തുടരും.
തുറന്ന് ഒരുവര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായി നാല്‍പത്തഞ്ചോളം അപകടങ്ങളും ഒന്‍പത് മരണങ്ങളും ഉണ്ടായി. അപകടപാതയായി മാറിയിട്ടും ബൈപാസിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള ക്യാമറകളോ മറ്റ് സംവിധാനങ്ങളോ ബൈപാസിലില്ല. 45 ലധികം അപകടങ്ങളാണ് ഒരുവര്‍ഷത്തിനിടെ ആലപ്പുഴ ബൈപാസില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി ഉണ്ടായ അപകടമരണങ്ങളടക്കം ഒന്‍പതു ജീവനുകളാണ് ബൈപാസില്‍ പൊലിഞ്ഞത്. 6.8 കിലോമീറ്റര്‍ ദൂരമുള്ള ബൈപാസില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത് രാത്രിയിലും പുലര്‍ച്ചെയുമാണ്. ചെറുവാഹനങ്ങള്‍ അടക്കമുള്ളവ രാത്രിയില്‍ അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്.40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയായ ബൈപാസില്‍ ആദ്യദിനം തന്നെ അപകടമുണ്ടായി ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടാം ദിനം ലോറിയിടിച്ച് ടോള്‍ ബൂത്തും തകര്‍ന്നു.
നിരവധി ചെറിയ റോഡുകള്‍ കൊമ്മാടി, ഇരവുകാട് ഭാഗങ്ങളില്‍ ബൈപാസിലേക്ക് പ്രവേശിക്കുന്നതിനുണ്ട്. തിരിച്ചറിയുന്ന ലൈറ്റുകളൊന്നും ഈ ഭാഗങ്ങളിലില്ല.മതിയായ വെളിച്ചത്തിന്റെ അഭാവവുമുണ്ട്. അമിതവേഗതയില്‍ പായുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ക്യാമറ, സ്പീഡ് ബ്രേക്കറുകള്‍ തുടങ്ങിയവ സ്ഥാപിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളൊന്നും നടപ്പിലായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: