തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നത് തീ വെട്ടികൊള്ള നടത്താനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവച്ചതുപോലെ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജിവയ്ക്കേണ്ടി വരുമോ എന്ന ഭയമാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതിന് പിന്നില്‍.
പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറി ചിലവഴിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി ഉണ്ട്. കണ്ണൂര്‍ വിസി നിയമനം സംബന്ധിച്ച് മന്ത്രി ബിന്ദുവിനെതിരെയുള്ള പരാതിയും ലോകായുക്തയില്‍ ഉണ്ട്. വരും ദിവസങ്ങളില്‍ ഇരുവര്‍ക്കും എതിരെ വിധി വരുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു.ലോകായുക്തയുടെ വിധിയായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്ത് കെ .ടി ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. എന്നാല്‍ ഈ മന്ത്രി സഭയുടെ ആദ്യകാലത്ത് തന്നെ മഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും രാജ്വയ്ക്കേണ്ടി വരുമെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭയപ്പെടുന്നു.
അഴിമതിക്കെതിരെ പുരപ്പുറത്ത് ഇരുന്ന് കൂവിയ സിപിഎം സംസ്ഥാനത്ത് അഴിമതി നടത്താനുള്ള എല്ലാ പദ്ധതികളും ഒരുക്കി വരുന്നു. മന്ത്രിസഭായോഗങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ നിന്നും ഓര്‍ഡിനന്‍സ് മറച്ച് വച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. വരുന്ന നാല് വര്‍ഷം അഴിമതിയുടെ മഹാ പ്രളയമായിരിക്കും സംസ്ഥാനത്ത് നടക്കാന്‍ പോകുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
കെ റെയില്‍ പദ്ധതിയില്‍ 1000 കോടി രൂപയുടെ അഴിമതിയാണ് നടക്കുക. കൊവിഡിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി ലോകായുക്തയില്‍ വരാന്‍ സാധ്യതയുണ്ട്. നിലവിലെ നിയമം അനുസരിച്ച് സര്‍ക്കാരിന് പൂട്ട് വീഴും. അതിനാല്‍ ലോകായുക്തയെ പൂട്ടാനാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അഴിമതി അനായാസേന നടത്താനുള്ള ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാന്‍ പാടില്ലെന്ന ബിജെപി ആവശ്യപ്പെടുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: