കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏതറ്റം വരെ പോകുമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
കെ.ടി ജലീലിന് ബന്ധുനിയമനത്തില്‍ മന്ത്രിസ്ഥാനം പോയത് ലോകായുക്ത ഇടപെടല്‍ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. സര്‍ക്കാരിന്റെ വലിയ ചില അഴിമതികള്‍ ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് തിരക്കിട്ട ഈ നിക്കത്തിന് കാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അനര്‍ഹര്‍ക്ക് നല്‍കിയെന്ന ആരോപണം ലോകായുക്ത ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് തിരക്ക് പിടിച്ച് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ വ്യാമോഹത്തിന്റെ അവസാന ഉദ്ദാഹരണമാണ് ഇതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: