തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ക്ക് ഡിവൈഎഫ്ഐ താവളമൊരുക്കുന്നുവെന്ന് സി പി ഐ. മുഖപത്രമായ ജനയുഗത്തിലാണ് വിമര്‍ശനം. അക്രമം കൊണ്ട് എല്ലാം നിയന്ത്രിക്കാമെന്ന് കരുതരുതെന്നും ഇടതുമുന്നണിയെ ഗുണ്ടകളുടെ താവളമായി മാറ്റരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.ഡി വൈ എഫ് ഐയുടേത് ഗുണ്ടാരാജെന്നും സിപിഐ വിമര്‍ശിക്കുന്നു. കൊടുമണ്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. അക്രമം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ക്രിമിനല്‍ ഗുണ്ടാ സംഘങ്ങളുടെ രീതിയാണ്. ഇത്തരം അക്രമങ്ങള്‍ എല്‍ഡിഎഫ് ഒറ്റപ്പെടുത്തണമെന്നും സിപിഐ ആവശ്യപ്പെടുന്നു.
കൊടുമണ്‍ അടക്കമുള്ള കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാനമാനങ്ങള്‍ക്കോ സാമ്പത്തിക നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. അത് അതാതു പ്രദേശത്തെ രാഷ്ട്രീയ ബലാബലത്തെ സ്വാധീനിക്കുക സ്വാഭാവികമാണ്. കൊടുമണ്ണിലും സമീപകാലത്ത് അത്തരം രാഷ്ട്രീയമാറ്റം ഉണ്ടായിട്ടുണ്ട്. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ആ രാഷ്ട്രീയ ബലതന്ത്രം പ്രകടമാകുകയും ചെയ്തിരുന്നു. അതിന്റെ പ്രതിഫലനമെന്ന നിലയിലുണ്ടായ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആയിരുന്നില്ല. ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്.
തങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഫലത്തില്‍ മുന്നണിയേയും അത് നേതൃത്വം നല്കുന്ന സര്‍ക്കാരിനെയുമാണ് പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട. എല്‍ഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും അധികാരത്തിലേറ്റിയത് മുന്നണി പ്രവര്‍ത്തകരും അവരുടെ അണികളും മാത്രമല്ല. നിഷ്പക്ഷമതികളായ സാമാന്യജനത്തിന്റെ പിന്തുണയും വോട്ടും കൂടാതെ ആ വിജയം അസാധ്യമായിരുന്നു. അവരില്‍ നിന്ന് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനെ ഇത്തരം അക്രമസംഭവങ്ങള്‍ സഹായകമാവൂ എന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: