കൊച്ചി: അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി വാരികയ്ക്കെതിരേ (mathrubhumi weekly) ആര്‍എസ്എസ് ( Rashtriya Swayamsevak Sangh) 2013ല്‍ ഫയല്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാരിക നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്രകാലമായി തീര്‍പ്പാക്കാത്ത കേസില്‍ അതിവേഗം നിയമാനുസൃത നടപടിയെടുക്കാന്‍ ജസ്റ്റിസ് സോഫി തോമസ് ജെ.( Justice Sophy Thomas) ഉത്തരവിട്ടു. ജനുവരി ഏഴിന് ഹര്‍ജി തള്ളി, ഇന്ന് ഉത്തരവിറങ്ങി.
ആര്‍എസ്എസ് ഭീകരപ്രവര്‍ത്തക സംഘടനയാണെന്ന് 2011 ഫെബ്രുവരി 27ന് മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരേ അന്നത്തെ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മാതൃഭൂമി വീക്ലി, കമ്പനി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എം.എന്‍. രവി വര്‍മ, എംഡി പി.വി. ചന്ദ്രന്, എഡിറ്റര്‍ കെ.കെ. ശ്രീധരന് നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. ഗോപിനാഥ്, അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍ റാം സജീവ്, ലേഖകന്‍ ബദ്രി റെയ്ന, പരിഭാഷക കെ.പി. ധന്യ എന്നിങ്ങനെ ഒമ്പതു പേരെയാണ് 2013ല്‍ പ്രതി ചേര്‍ത്തിരുന്നത്.
സെഷന്‍സ് കോടതി നടപടികള്‍ തുടങ്ങി. 120 ബി, 153 എ, 500, 34 ഐപിസി വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തി സമന്‍സ് അയച്ചു. തുടര്‍ന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് പരാതിപ്പെടാന്‍ നിയമപരമായി അവകാശമില്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ കുറ്റാരോപിതര്‍ ഹൈക്കോടതിയെ സമീപിച്ചത്.ലേഖനം പ്രസിദ്ധീകരിക്കുക വഴി പ്രതികള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി, സമൂഹത്തില്‍ സംഘടനയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി, മതാടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിദ്വേഷം പരത്തി, സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ കാരണമായി എന്നിങ്ങനെയാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍, ഗവേഷണങ്ങള്‍ നടത്തി, ആധികാരിക തെളിവുകളോടെ ലേഖകന്‍ ബദ്രി റെയ്ന കണ്ടെത്തിയ വിവരങ്ങള്‍ സദുദ്ദേശ്യത്തോടെ സമൂഹത്തെ ധരിപ്പിക്കാനാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് പ്രതികള്‍ വാദിച്ചു. പരാതിക്കാരന് കേസ് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നും വാദമുയര്‍ത്തി. എന്നാല്‍, ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, ഉദ്ദേശ്യ ശുദ്ധി, തെളിവുകളുടെ ആധികാരികത തുടങ്ങിയ കാര്യങ്ങള്‍ വിചാരണവേളയിലേ വ്യക്തമാകൂ എന്നതിനാല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി.
തുടര്‍ന്ന്, സംഘടനയ്ക്കെതിരേയുള്ള പരാമര്‍ശത്തില്‍ വ്യക്തിക്ക് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാനാവില്ല, ആര്‍എസ്എസ് നിര്‍വചിക്കപ്പെട്ട സംഘടനയല്ല തുടങ്ങിയ പ്രതികളുടെ വാദങ്ങള്‍ കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 499 രണ്ടു ഭാഗങ്ങള്‍, പ്രതികള്‍ വാദിക്കാന്‍ ഉദ്ധരിച്ച കൃഷ്ണസ്വാമി – സി.എച്ച്. കണാരന് കേസ് വിധി, അച്യുതാനന്ദന് – വര്‍ഗീസ് കേസ്, ജി. നരസിംഹനും മറ്റും – ടി.വി. ചൊക്കപ്പ, തേക് ചന്ദ്ര ഗുപ്ത – ആര്.കെ. കരഞ്ജിയ കേസ് തുടങ്ങിയവയിലെ വിധികളും വിവിധ നിയമ വ്യാഖ്യാനങ്ങളും ഉദ്ധരിച്ച് ആര്‍എസ്എസിനെതിരേ വരുന്ന അപകീര്‍ത്തികരമായ കാര്യങ്ങളില്‍ സംഘടനയിലെ ഏത് അംഗത്തിനും പരാതി ഫയല്‍ ചെയ്യാമെന്നും ഉത്തരവിട്ടു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് (സംസ്ഥാന സെക്രട്ടറി) എന്ന നിലയിലാണ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ കേസ് ഫയല്‍ ചെയ്തത്. അദ്ദേഹം ആ പദവിയിലല്ലെന്ന് സ്ഥാപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു. കേസ് ഇത്രകാലം വൈകിയെന്നും ആവുന്നത്ര വേഗം തീര്‍പ്പാക്കണമെന്നും കീഴ്ക്കോടതിക്ക് നിര്‍ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: