തൃശ്ശൂര്‍: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിയതുമായി ബന്ധപ്പെട്ട് സിപിഎം ഹീനമായ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ശ്രീനാരായണ ഗുരുദേവന്റെ പേരുപയോഗിച്ച് ഹീനമായ നുണപ്രചാരണമാണ് കോടിയേരിയും സിപിഎം നേതാക്കളും നടത്തുന്നത്.
പ്ലോട്ട് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയെന്നത് കോടിയേരിയുടെ നുണപ്രചരണമാണ്. ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കി ശങ്കരാചാര്യരുടെ ടാബ്ലോ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. നിലവാരമില്ലാത്തതിനാലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡില്‍ അനുവദിക്കാത്തത്.കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ല. നല്ല ഒരു ഡിസൈനോ ആശയമോ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് തയ്യാറാക്കുന്നില്ല.
യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരാന്‍ കോടിയേരിയെ പരസ്യസംവാദത്തിന് ബിജെപി ക്ഷണിക്കുന്നതായും പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗുരുദേവനെ ഏറ്റവും കൂടുതല്‍ അപമാനിച്ചവര്‍ ഇടതുപക്ഷക്കാരാണ്. തളിപ്പറമ്പില്‍ ഓണാഘോഷ പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച സംഭവം ആരും മറന്നിട്ടില്ല. ഗുരുദേവന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്.ഗുരുദേവ ദര്‍ശനങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. സംഘപരിവാറും നേതാക്കളും ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തില്‍ പിന്‍തുടരുന്നവരാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഗോള്‍വല്‍ക്കറെഴുതിയ വിചാരധാരയില്‍ ശ്രീനാരായണ ഗുരുവിനെതിരായ പരാമര്‍ശമുണ്ടെന്ന കോടിയേരിയുടെ വാദം നുണപ്രചരണം മാത്രമാണ്.
44ാം അധ്യായത്തില്‍ ശ്രീനാരായണഗുരുവിനെ കുറിച്ച് പരാമര്‍ശം പോലുമില്ല. ഇത് തെളിയിക്കാന്‍ പരസ്യ സംവാദത്തിന് തയ്യാറാണെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍.ഹരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: