തൃശ്ശൂര്‍: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പഠനം ഓണ്‍ലൈനിലേക്ക് തിരിച്ച് പോയതിന്റെ നിരാശയിലാണ് വിദ്യാര്‍ത്ഥികള്‍. രണ്ടു വര്‍ഷത്തോളം വീട്ടിലിരുന്നതിന് ശേഷം സ്കൂളിലേക്ക് പോയി തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ വീണ്ടും ഫോണിലേക്കും ലാപ്ടോപിലേക്കും കണ്ണ് നട്ട് ഇരിക്കേണ്ട വിഷമത്തിലാണ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണമാണ് ഇപ്പോള്‍ വന്നിട്ടുള്ളതെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ ഈ അദ്ധ്യയന വര്‍ഷം സ്കൂളില്‍ പോവാനാകുമോയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക. ഓണ്‍ലൈന്‍ പഠനം മടുത്ത് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന് ആരംഭിച്ചതോടെയാണ് പഠിക്കാന്‍ കൂടുതല്‍ താത്പര്യമുണ്ടായി തുടങ്ങിയത്. സ്കൂളിലെ ക്ലാസുകളും പഠനവുമായി സന്തോഷത്തോടെ പോകുമ്പോഴാണ് ഓഫ്ലൈന് നിയന്ത്രണം മാറിയത്.
ഓഫ്ലൈനില് നിന്ന് ഇടയ്ക്കിടെ ഓണ്‍ലൈനിലേക്ക് മാറുന്നത് വിദ്യാര്‍ത്ഥികളുടെ പഠനശേഷിയെയും നിലവാരത്തെയും ബാധിക്കുന്നുണ്ട്. ഓഫ്ലൈന് പഠനം പുനരാരംഭിച്ച ഘട്ടത്തില്‍ ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തില്‍ പല വിദ്യാര്‍ത്ഥികളും പ്രതിസന്ധി നേരിട്ടിരുന്നു. പഠന നിലവാരവും കാര്യമായി ഉയര്‍ന്നിരുന്നില്ല. പ്രശ്നങ്ങള്‍ ഒരുവിധം പരിഹരിച്ച് പോകുമ്പോഴാണ് കൊവിഡ് വീണ്ടും വില്ലനാകുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞില്ലെങ്കില്‍ രണ്ടാഴ്ചത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നീട്ടുമോയെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്. സ്കൂളുകള്‍ തുറന്നതിനുശേഷം പഠനം സാധാരണ രീതിയിലേക്ക് വന്നപ്പോഴുണ്ടായ മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകും.
കൂടുതല്‍ കാലം പഴയപോലെ സ്കൂളുകള്‍ അടച്ചിടേണ്ടി വന്നാല്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും ബാധിക്കും. അതേസമയം കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമ്പോള്‍ സ്കൂള്‍ അടക്കാതിരുന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അധ്യാപകര്‍ പറയുന്നു.
പഠനം മൊബൈലിലേക്കും ടി.വിയിലേക്കും വീണ്ടും മാറുമ്പോള്‍ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ചാണ് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നത്. ഇതിന് പുറമേ മൊബൈല്‍ ഫോണ്‍ കൂടുതല്‍ നേരം കുട്ടികളുടെ പക്കലുണ്ടാവുന്നത് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുമെന്നും രക്ഷിതാക്കള്‍ പറയുന്നു. ഒന്നു മുതല്‍ ഒമ്പത് ക്ലാസ് വരെയാണ് രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: